മുംബൈ: ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് കനത്ത തോൽവി. പരമ്പരയിലെ അവസാന മത്സരത്തിൽ 190 റൺസിനായിരുന്നു ഇന്ത്യൻ പരാജയം. 339 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യൻ ടീം 32.4 ഓവറിൽ 148 റൺസിന് പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആസ്ട്രേലിയ തൂത്തുവാരി. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു.
വൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി ആർക്കും കാര്യമായ സംഭാവന നൽകാനായില്ല. 29 റൺസെടുത്ത ഓപണർ സ്മൃതി മന്ഥാനയാണ് ടോപ് സ്കോറർ. ദീപ്തി ശർമ 25 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ജമീമ റോഡ്രിഗസ് അത്രയും റൺസെടുത്ത് പുറത്തായി. യാസ്തിക ബാട്ടിയ (6), റിച്ച ഘോഷ് (19), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (3), അമൻജോത് കൗർ (3), പൂജ വസ്ത്രകാർ (14), ശ്രേയങ്ക പാട്ടീൽ (2), രേണുക സിങ് (0), മന്നത്ത് കശ്യപ് (8) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന. ആസ്ട്രേലിയക്കായി ജോർജിയ വരേഹാം മൂന്ന് വിക്കറ്റ് നേടിയപ്പോൾ മേഗൻ ഷറ്റ്, അലാന കിങ്, അനബൽ സതർലാൻഡ് എന്നിവർ രണ്ട് വീതവും ആഷ്ലിഗ് ഗാർഡ്നർ ഒന്നും വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 338 റൺസ് അടിച്ചെടുത്തത്. ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട ഓസീസ് ഓപണർമാരായ ഫോബി ലിച്ച്ഫീൽഡ്-അലിസ ഹീലി സഖ്യം ആദ്യ വിക്കറ്റിൽ അടിച്ചെടുത്തത് 28.5 ഓവറിൽ 189 റൺസാണ്. 125 പന്തിൽ 119 റൺസടിച്ച ലിച്ച്ഫീൽഡിനെ ദീപ്തി ശർമ ഹർമൻപ്രീത് കൗറിന്റെ കൈയിലെത്തിച്ചപ്പോൾ 85 പന്തിൽ 82 റൺസ് നേടിയ അലിസ ഹീലിയെ പൂജ വസ്ത്രകാർ ബൗൾഡാക്കുകയായിരുന്നു.
തുടർന്നെത്തിയവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ലെങ്കിലും അവസാന ഓവറുകളിൽ അലാന കിങ് (14 പന്തിൽ പുറത്താവാതെ 26), ആഷ്ലീഗ് ഗാർഡ്നർ (27 പന്തിൽ 30), അനബൽ സതർലാൻഡ് (21 പന്തിൽ 23), ജോർജിയ വരേഹാം (എട്ട് പന്തിൽ പുറത്താവാതെ 11) എന്നിവർ ചേർന്ന് മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ശ്രേയങ്ക പാട്ടീൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അമൻജോത് കൗർ രണ്ടും പൂജ വസ്ത്രകാർ, ദീപ്തി ശർമ എന്നിവർ ഓരോന്നും വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.