ഹൈദരാബാദ്: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ലഖ്നോ സൂപ്പർ ജയന്റ്സിന് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 190 റൺസ് നേടി. ട്രാവിസ് ഹെഡ് (47), അനികേത് വർമ (36), നിതീഷ് കുമാർ റെഡ്ഡി (32) എന്നിവരാണ് ആതിഥേയനിരയിൽ തിളങ്ങിയത്. ലഖ്നോയുടെ ശാർദുൽ ഠാക്കൂർ നാല് വിക്കറ്റ് വീഴ്ത്തി. ആദ്യ ജയം ലക്ഷ്യമിട്ട ലഖ്നോ 16.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. രണ്ടാം വിക്കറ്റിൽ മിച്ചൽ മാർഷും (52) നിക്കോളാസ് പൂരനും (70) 116 റൺസ് കൂട്ടിച്ചേർത്തു. എട്ടാം ഓവറിൽ ഇരുവരും ടീം സ്കോർ നൂറ് കടത്തി. റിഷഭ് പന്ത് 15 റൺസ് നേടി. മികച്ച അടിത്തറ കിട്ടിയ സൂപ്പർജയന്റ്സിനെ മധ്യനിര ബാറ്റർമാർ പിന്നീട് വിജയത്തിലേക്ക് നയിച്ചു.
ടോസ് നേടിയ ലഖ്നോ ക്യാപ്റ്റൻ റിഷഭ് പന്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഷഹ്ബാസ് അഹ്മദിന് പകരം ആവേശ് ഖാൻ ലഖ്നോ സൂപ്പർ ജയന്റ്സ് നിരയിലെത്തി. സൺറൈസേഴ്സ് ടീമിൽ കഴിഞ്ഞ കളിയിൽനിന്ന് മാറ്റമില്ലായിരുന്നു. സൂപ്പർ ബാറ്റർമാരടങ്ങിയ ഹൈദരാബാദിന് തുടക്കത്തിൽ കാര്യങ്ങൾ എളുപ്പമായില്ല. ശാർദുൽ ഠാക്കുറിന്റെ പന്തുകൾ എതിരാളികൾക്ക് ഭീഷണിയായി. തന്റെ രണ്ടാം ഓവറിൽ ശാർദുൽ ഹൈദരാബാദിന് ഇരട്ട പ്രഹരമേകി. ആദ്യ പന്തിൽ അഭിഷേകിനെ (ആറ്) നിക്കോളാസ് പൂരന്റെ കൈയിലെത്തിച്ചു. കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ ഇഷാൻ കിഷൻ വന്നതും പോയതും ഒരുമിച്ചായിരുന്നു. ബാറ്റിലുരഞ്ഞ പന്ത് വിക്കറ്റിന് പിന്നിൽ റിഷഭ് പന്ത് പിടിച്ചു. പിന്നീട് ഓപണർ ട്രാവിസ് ഹെഡും നാലാമൻ നിതീഷ് കുമാർ റെഡ്ഡിയും റണ്ണുയർത്തി. പരിക്ക് മാറിയെത്തിയ ആവേശ് ഖാനെ ഹെഡ് കാര്യമായി പ്രഹരിച്ചു. ആറാം ഓവറിൽ ഇന്ത്യൻ താരം രവി ബിഷ്ണോയിയുടെ പന്ത് ഹെഡ് ഉയർത്തിയടിച്ചത് ലോങ് ഓണിൽ പൂരൻ അവിശ്വസനീയമായി കളഞ്ഞു. ഇതേ ഓവറിൽ റിട്ടേൺ ക്യാച്ചിനുള്ള കടുപ്പമേറിയ ഒരവസരം ബിഷ്ണോയിയും തുലച്ചു. ആറോവർ പവർപ്ലേ അവസാനിച്ചപ്പോൾ രണ്ടിന് 62 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. കഴിഞ്ഞ മത്സരത്തിലെ റൺവേഗം കൈവരിക്കാത്ത ഹൈദരാബാദിന് ഹെഡിന്റെ കുറ്റി തെറിച്ചത് ഇതിനിടയിൽ തിരിച്ചടിയായി. എട്ടാം ഓവറിലെ മൂന്നാം പന്തിൽ ഹെഡിന്റെ മൂന്ന് കുറ്റികളും പ്രിൻസ് യാദവ് പിഴുതെടുത്തു. രാജസ്ഥാനെതിരെ ഏഴ് ഓവറിൽ നൂറ് കടന്ന ൈഹദരാബാദ് ഇത്തവണ 11ാം ഓവറിലാണ് മൂന്നക്കത്തിലെത്തിയത്.
അടിച്ചു കളിച്ച ഹെന്റിച്ച് ക്ലാസൻ റണ്ണൗട്ടായത് സൺ റൈസേഴ്സിന്റെ റണ്ണൊഴുക്കിനെ ബാധിച്ചു. അനികേത് വർമയാണ് പിന്നീടെത്തിയത്. 13 പന്തിൽ അഞ്ച് സിക്സറടക്കം 36 റൺസ് നേടിയ അനികേതിനെ ദിഗ്വേഷ് റാതി പുറത്താക്കി. രണ്ട് റൺസ് നേടിയ അഭിനവ് മനോഹറിനെ ശാർദുൽ ഠാക്കൂറും മടക്കി. ക്യാപ്റ്റൺ പാറ്റ് കമ്മിൻസ് (18) അടങ്ങിയിരുന്നില്ല. നേരിട്ട ആദ്യ മൂന്ന് പന്തുകളും സിക്സർ പായിച്ചു. പിന്നീട് ആവേശ് ഖാൻ ഹൈദരാബാദ് ക്യാപ്റ്റനെ പുറത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.