ചെന്നൈയിൽ ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിന്റെ വിരാട് കോഹ്ലി
ചെന്നൈ: നീണ്ട 17 വർഷമായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മനസ്സിലേറ്റി നടക്കുന്ന ഒരാഗ്രഹമുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനെ ചെന്നൈയിൽ വെച്ച് കീഴടക്കുക എന്ന സ്വപ്നം. 2008ൽ ഐ.പി.എലിന്റെ ആദ്യ പതിപ്പിൽ ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ജയിച്ചിരുന്നു. രാഹുൽ ദ്രാവിഡ് നയിച്ച ടീമിൽ അന്നും വിരാട് കോഹ്ലിയുണ്ടായിരുന്നു. പത്ത് റൺസായിരുന്നു കോഹ്ലി നേടിയത്. പിന്നീട് ചെപ്പോക്കിൽ ആതിഥേയരോട് വിജയം അന്യമായി. ആഗ്രഹിച്ച ആ നേട്ടത്തിനായി ഇന്ന് കോഹ്ലിയുടെ ടീം ഇറങ്ങുകയാണ്.
ആദ്യ മത്സരങ്ങളിലെ ജയവുമായാണ് സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സും ഏറ്റുമുട്ടുന്നത്. സ്പിന്നിനെ തുണക്കുന്ന ചെപ്പോക്കിൽ രവീന്ദ്ര ജഡേജയും ആർ. അശ്വിനും സ്പിൻ കരുത്തായി ചെന്നൈ നിരയിലുണ്ട്. അഫ്ഗാനിസ്താന്റെ ഇടംകൈയൻ റിസ്റ്റ് സ്പിന്നർ നൂർ അഹ്മദും ഫോമിലാണ്. മുംബൈക്കെതിരെ 11 ഓവർ പന്തെറിഞ്ഞ സ്പിൻ ത്രിമൂർത്തികൾ അഞ്ച് വിക്കറ്റ് നേടിയിരുന്നു. 70 റൺസ് മാത്രമാണ് വഴങ്ങിയത്.
സ്പിന്നിനെ നേരിടാൻ കോഹ്ലിയുൾപ്പെടെയുള്ള മിടുക്കർ മറുഭാഗത്തുണ്ട്. പക്ഷേ, കഴിഞ്ഞ രണ്ട് വർഷമായി കോഹ്ലി സ്പിന്നിനെതിരെ നന്നായി കളിക്കുന്നുണ്ട്. ഫിൽ സാൾട്ട്, ക്യാപ്റ്റൻ രജത് പട്ടീദാർ, ലിയാം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ തുടങ്ങിയ താരങ്ങളും ബംഗളരു നിരയിലുണ്ട്. മറുവശത്ത്, ശിവം ദുബെ, ദീപക് ഹൂഡ, സാം കറൻ എന്നിവർ കൂടി ഫോമിലായാൽ സൂപ്പർ കിങ്സ് ബാറ്റിങ്ങിൽ അതിശക്തരാകും. രചിൻ രവീന്ദ്രയും ക്യാപ്റ്റൻ റിതുരാജ് ഗെയ്ക്വാദും മികച്ച ഫോമിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.