ഹൊബാർട്ട്: രണ്ടു തവണ ട്വന്റി20 ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് ഇക്കുറി സൂപ്പർ 12ൽ എത്താനാവാതെ തലതാഴ്ത്തി മടങ്ങുമ്പോൾ തകർപ്പൻ ജയത്തോടെ മുന്നേറിയതിന്റെ ആവേശത്തിൽ അയർലൻഡ്.
ആദ്യ റൗണ്ടിലെ നിർണായകമായ മൂന്നാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ കനത്ത തോൽവിയാണ് കരീബിയൻസ് ഐറിഷ് പടയോട് ഏറ്റുവാങ്ങിയത്. വിൻഡീസ് രണ്ടാം റൗണ്ടിലെത്താതെ പുറത്താവുന്നത് ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ ആദ്യമാണ്. ഐറിഷ് സംഘം പ്രവേശിക്കുന്നത് രണ്ടാം തവണയും. അതേസമയം, സ്കോട്ട്ലൻഡിനെ അഞ്ചു വിക്കറ്റിന് വീഴ്ത്തിയ സിംബാബ്‍വെ ഗ്രൂപ് 'ബി' ജേതാക്കളായും രണ്ടാം റൗണ്ടിലെത്തി.
നാലുവീതം പോയന്റാണ് സിംബാബ്‍വെക്കും അയർലൻഡിനുമുള്ളത്. റൺറേറ്റ് അടിസ്ഥാനത്തിൽ സിംബാബ്‍വെ ഒന്നാമന്മാരായി. ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ ഐറിഷ് ബൗളർമാർ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 146 റൺസിലൊതുക്കി. അയർലൻഡ് 17.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഓപണർ പോൾ സ്റ്റിർലിങ്ങും (48 പന്തിൽ 66) ലോർകൻ ടക്കറും (35 പന്തിൽ 45) പുറത്താവാതെ നിന്നു. മറ്റൊരു ഓപണർ ആൻഡി ബൽബിർനീ (23 പന്തിൽ 37) പുറത്താവാതെ നിന്നു.
അപരാജിതനായി 48 പന്തിൽ 62 റൺസെടുത്ത ബ്രണ്ടൻ കിങ്ങാണ് വെസ്റ്റിൻഡീസ് ടോപ്സ്കോറർ. സിംബാബ്‍വെക്കെതിരെ ആദ്യം ബാറ്റ് ചെയ്ത സ്കോട്ടിഷ് പട 20 ഓവറിൽ ആറിന് 132 റൺസാണെടുത്തത്. മറുപടി 18.3 ഓവറിൽ അഞ്ചിന് 133ലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.