ചെന്നൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 187 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് 10 റൺസകലെ ആയുധം വെച്ച് കീഴടക്കി. നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുക്കാനേ ഹൈദരാബാദിനായുള്ളൂ. പുറത്താകാതെ 44പന്തിൽ 61 റൺസെടുത്ത മനീഷ് പാണ്ഡേയും 40 പന്തിൽ 55 റൺസെടുത്ത ജോണി ബാരിസ്റ്റോയുമാണ് ഹൈദരാബാദ് ഇന്നിങ്സിന് ഇന്ധനമായത്.
വൃദ്ധിമാൻ സാഹ (7), ഡേവിഡ് വാർണർ (3), മുഹമ്മദ് നബി (14), വിജയ് ശങ്കർ (11) എന്നിവർക്ക് നിലയുറപ്പിക്കാനായില്ല. കൊൽക്കത്തക്കായി പ്രസിദ് കൃഷ്ണ രണ്ടുവിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത കൊൽക്കത്തക്കായി യുവതാരങ്ങളായ നിതീഷ് റാണയും (56 പന്തിൽ 80) രാഹുൽ ത്രിപാതിയും (29 പന്തിൽ 53) ആഞ്ഞു വീശിയതോടെയാണ് മികച്ച സ്കോറിലെത്തിയത്. ഒരുവേള സ്കോർ 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും കൂറ്റനടിക്കാർ തുടരെ വീണത് കൊൽക്കത്തക്ക് വിനയാകുകയായിരുന്നു.
ശുഭ്മാൻ ഗിൽ (15), ആന്ദ്രേ റസൽ (5), ഒയിൻ മോർഗൻ (2), ഷാകിബ് അൽ ഹസൻ (3) എന്നിവർ വേഗത്തിൽ പുറത്തായി. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന നിതിഷ് റാണയും ത്രിപാതിയും ചേർന്ന് ഹൈദരാബാദ് ബൗളർമാരെ വെള്ളംകുടിപ്പിച്ചു. ഒൻപത് ബൗണ്ടറികളും നാലുസിക്സറുകളും റാണയുടെ ബാറ്റിൽ നിന്നും പറന്നപ്പോൾ അഞ്ചു ബൗണ്ടറികളും രണ്ട് സിക്സറുകളും ത്രിപാതിയുടെ ബാറ്റിനെ ചുംബിച്ച് പറന്നു.
നാലോവറിൽ 24 റൺസിന് രണ്ട് വിക്കറ്റിന് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത്. ഭുവനേശ്വർ കുമാർ നാലോവറിൽ 45 റൺസും സന്ദീപ് ശർമ മൂന്നോവറിൽ 35 റൺസും വഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.