ക്രിക്കറ്റിൽ ഒരിക്കലും ചെയ്യരുതെന്ന് തോന്നിയിരുന്നത് ആ കാര്യമാണ്, ഇപ്പോൾ ഖേദിക്കുന്നു; മനസ്സ് തുറന്ന് ധോണി

ക്രിക്കറ്റിൽ ഒരിക്കലും ചെയ്യരുതെന്ന് തോന്നിയിരുന്നത് ആ കാര്യമാണ്, ഇപ്പോൾ ഖേദിക്കുന്നു; മനസ്സ് തുറന്ന് ധോണി

ക്രിക്കറ്റ് മൈതാനത്ത് ഏറ്റവും ശാന്തതയുള്ള താരങ്ങളിൽ ഒരാളാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ക്യാപ്റ്റൻ കൂൾ എന്നറിയപ്പെടുന്ന ധോണിയെ ചുരുക്കം ചില സാഹചര്യങ്ങളിൽ മാത്രമെ അദ്ദേഹത്തിന്‍റെ ശൈലി വിട്ട് ദേഷ്യത്തിൽ കാണുവാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ തന്‍റെ കൂൾനസ് നഷ്ടമായ ഒരു സാഹചര്യത്തെ കുറിച്ചും അതിൽ ഇന്ന് ഖേദിക്കുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് ക്യാപ്റ്റൻ കൂൾ. 2019ൽ ചെന്നൈ സൂപ്പർ കിങ്സ്-രാജസ്ഥാൻ റോയൽസ് ഏറ്റുമുട്ടിയ മത്സരത്തിനിടയിലാണ് സംഭവം. മത്സരം നടക്കുന്നതിനിടെ അന്നത്തെ സി.എസ്.കെ നാ‍യകനായ ധോണി ഗ്രൗണ്ടിൽ ഇറങ്ങിവരുകയും അമ്പയറോട് വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു.

മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു ഇത് അരങ്ങേറിയത്. മത്സരത്തിന്‍റെ അവസാന ഓവറിൽ സി.എസ്.കെക്ക് മൂന്ന് പന്തിൽ എട്ട് റൺസ് വേണമായിരുന്നു. രാജസ്ഥാന് വേണ്ടി പന്ത് എറിയുന്നത് ബെൻ സ്റ്റോക്സായിരുന്നു. സ്റ്റോക്സ് എറിഞ്ഞ ഒരു സ്ലോ ബോൾ താരത്തിന്റെ കൈവിട്ടു പോവുകയും ഒരു ഹൈ ഫുൾ ടോസായി മാറുകയും ചെയ്തു. ഈ സമയത്ത് അമ്പയർ നോബോൾ വിളിച്ചെങ്കിലും ശേഷം സ്ക്വയർ ലെഗ് അമ്പയർ ആ തീരുമാനം മാറ്റുകയുമാണ് ചെയ്തത്. ഇത് കണ്ട ധോണി മൈതാനത്തേക്ക് ദേഷ്യത്തോടെ എത്തി. എന്നാൽ അന്ന് ചെയ്തതിൽ ഖേദിക്കുന്നു എന്ന് പറയുകയാണ് ധോണിയിപ്പോൾ. മൈതാനത്ത് ദേഷ്യം വന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധോണി.

"ഒരുപാട് വട്ടം അത് സംഭവിച്ചിട്ടുണ്ട്; ഐ.പി.എൽ മത്സരങ്ങളിൽ ഒരുവട്ടം അത് സംഭവിച്ചിട്ടുണ്ട്. അന്ന് ഞാൻ മൈതാനത്ത് ഇറങ്ങിവന്നു. അതൊരു വലിയ തെറ്റാണ്. വളരെ വലിയ ടെൻഷൻ നിറഞ്ഞ സമ്മർദം നിറഞ്ഞ മത്സരങ്ങൾ ആയതുകൊണ്ട് തന്നെ ഒരുപാട് സമയം ദേഷ്യം വരുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. എല്ലാ കളികളും വിജയിക്കണമെന്ന ഉദ്ദേശത്തിലാണല്ലോ ഇറങ്ങുന്നത്,' ധോണി പറഞ്ഞു.

ഐ.പി.എൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ എം.എസ്. ധോണിയെ കാണാനുള്ള ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. മുംബൈ ഇന്ത്യൻസിനെതിരെ മാർച്ച് 23നാണ് സി.എസ്.കെയുടെ ആദ്യ മത്സരം.

Tags:    
News Summary - ms Dhoni says instance where he lost his cool in cricket ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.