രാജസ്ഥാൻ ആരാധകർ ഹാപ്പി! കാത്തിരിപ്പിനൊടുവിൽ സഞ്ജു ടീമിനൊപ്പം ചേർന്നു; വിഡിയോ വൈറൽ

രാജസ്ഥാൻ ആരാധകർ ഹാപ്പി! കാത്തിരിപ്പിനൊടുവിൽ സഞ്ജു ടീമിനൊപ്പം ചേർന്നു; വിഡിയോ വൈറൽ

ജയ്പുർ: കാത്തിരിപ്പിനൊടുവിൽ സൂപ്പർതാരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം ചേർന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐ.പി.എൽ) 18ാം സീസണ് കൊടികയറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മലയാളി താരം ടീം ക്യാമ്പിലെത്തിയത്. പരിക്കിൽനിന്ന് മോചിതനായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിരീക്ഷണത്തിലായിരുന്ന സഞ്ജു, കളിക്കാനുള്ള ക്ലിയറൻസ് ലഭിച്ചതോടെയാണ് രാജസ്ഥാൻ ക്യാമ്പിലെത്തിയത്.

താരം ജയ്പുർ വിമാനത്താവളത്തിൽ വന്നിറങ്ങുന്നതിന്‍റെയും ടീം ക്യാമ്പിലെത്തി പരിശീലകൻ രാഹുൽ ദ്രാവിഡിനെയും ടീമംഗങ്ങളെയും ഉൾപ്പെടെ സന്ദർശിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഈമാസം 23ന് സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെയാണ് രാജസ്ഥാന്‍റെ ആദ്യ മത്സരം. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പരക്കിടെയാണ് സഞ്ജുവിന്‍റെ വലതു കൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റത്.

കാൽക്കുഴക്കേറ്റ പരിക്കിൽനിന്ന് മുക്തനായ യുവ ഓപ്പണർ യശസ്വി ജയ്സ്വാളും കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്നിരുന്നു. അഴിച്ചുപണിത ടീമുമായാണ് രാജസ്ഥാൻ പുതിയ സീസണിൽ കളത്തിലിറങ്ങുന്നത്. ഐ.പി.എൽ മെഗാ താരലേലത്തിൽ ടീമിലെ പരിചിത മുഖങ്ങളായിരുന്ന ജോസ് ബട്‍ലർ, ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചെഹൽ തുടങ്ങിയവരെ ടീം ഒഴിവാക്കിയിരുന്നു. നിതീഷ് റാണ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരാണ് ടീമിൽ പുതുതായി എത്തിയവർ.

നിലവിൽ, ഐ.പി.എൽ ക്യാപ്റ്റന്മാരിൽ ഏറ്റവും പരിചയ സമ്പത്തുള്ളത് സഞ്ജുവിനാണ്. തുടർച്ചയായ അഞ്ചാം സീസണിലാണ് സഞ്ജു രാജസ്ഥാൻ ടീമിനെ നയിക്കാനെത്തുന്നത്. 2022ൽ സഞ്ജുവിനു കീഴിൽ രാജസ്ഥാൻ ഫൈനലിൽ എത്തിയെങ്കിലും ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടു.

Tags:    
News Summary - Rajasthan fans are happy! After a long wait, Sanju joins the team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.