പാകിസ്താന്റെ ഇതിഹാസ ബൗളർ വഖാർ യൂനിസ് ഇന്ത്യൻ താരമാണെന്ന് തെറ്റായി രേഖപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). തെറ്റ് ചൂണ്ടിക്കാട്ടി ട്രോൾ മഴയൊരുക്കി ക്രിക്കറ്റ് ആരാധകരും. ഐ.സി.സി പ്രസിദ്ധീകരിച്ച ക്രിക്കറ്റിലെ ഹാള്‍ ഓഫ് ഫെയിമിലാണ് വഖാർ യൂനിസിനെ ഇന്ത്യൻ താരമാക്കി രേഖപ്പെടുത്തിയത്. ആരാധകർ ചൂണ്ടിക്കാണിച്ചതോടെ ഉടൻ തന്നെ ഈ പിഴവ് ശ്രദ്ധയിൽപ്പെട്ട ഐ.സി.സി തെറ്റ് തിരുത്തിയെങ്കിലും സമൂഹമാധ്യമങ്ങളിൽ നിരവധി ട്രോളുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു.
Great work @ICC pic.twitter.com/PvnsQgdXeQ
— Dennis (@DennisCricket_) May 24, 2021
ക്രിക്കറ്റിലെ ഏറ്റവും വലിയ ഭരണസമിതിക്ക് തന്നെ ഇത്രയും വലിയ അബദ്ധം സംഭവിച്ചതാണ് ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയത്. സംഭവം സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയും ആയി. 2013ലാണ് വഖാർ യൂനിസിനെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഐ.സി.സി ഉൾപ്പെടുത്തിയത്. 2020ൽ ഈ പട്ടികയിലേക്ക് കുറച്ച് താരങ്ങളെ കൂടി ചേർത്തിരുന്നു. ഇവരെ കൂടി ചേർത്ത് തയ്യാറാക്കിയ പുതുക്കിയ പട്ടിക ഇറക്കുന്നതിനിടെയാണ് ഐ.സി.സിയുടെ ഭാഗത്തു നിന്നും വലിയ വീഴ്ചയുണ്ടായത്. കളിക്കാരുടെ വിവരങ്ങൾക്ക് ഉൾപ്പെടുത്തിയുള്ള യൂട്യൂബ് വിഡിയോയുടെ തമ്പ്നെയിലിലാണ് വഖാറിന്‍റെ പേരിന് താഴെ 'ഇന്ത്യ 1990-2008' എന്ന് രേഖപ്പെടുത്തിയത്.
1989ൽ വെസ്റ്റ്ഇൻഡീസിനെതിരെ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് വഖാർ യൂനിസ് ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളാണ്. വസീം അക്രവുമായി ചേർന്നുള്ള വഖാറിന്‍റെ ഓപ്പണിങ് ബൗളിങ് ലോകോത്തര ബാറ്റ്സ്മാൻമാരെ വരെ വിറപ്പിച്ചിട്ടുണ്ട്. പാകിസ്താനുവേണ്ടി 87 ടെസ്റ്റുകളും 262 ഏകദിനങ്ങളും വഖാർ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ നിന്ന് 373 വിക്കറ്റും ഏകദിനത്തിൽ നിന്ന് 416 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരിൽ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും (534), വസീം അക്രമിനും (502) പിന്നിൽ മൂന്നാം സ്ഥാനത്താണ് വഖാർ യൂനിസ്. 2003ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. നിലവിൽ പാക് ക്രിക്കറ്റ് ടീമിന്‍റെ ബൗളിങ് കോച്ച് ആണ്.
വിവിധ രാജ്യങ്ങളിൽ നിന്നായി 26 കളിക്കാരാണ് ഐ.സി.സിയുടെ ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെട്ടിരിക്കുന്നത്. ആസ്‌ത്രേലിയയുടെ ഇതിഹാസ താരമായ സർ ഡോണാണ്‍ഡ് ബ്രാഡ്മാന്‍, ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, അനില്‍ കുംബ്ലെ, രാഹുൽ ദ്രാവിഡ്, ശ്രീലങ്കയുടെ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരൻ തുടങ്ങിയ പ്രമുഖരെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.