വിരാട് കോഹ്‌ലിയുടെ മോശം പ്രകടനവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ പ്രതിരോധിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നിങ്ങൾ കുറച്ചു നാളത്തേക്കു മിണ്ടാതിരുന്നാൽ കോഹ്‌ലി പഴയ പോലെയാകും എന്നായിരുന്നു രോഹിത്തിന്‍റെ വിമർശനം. കോഹ്‌ലിയുടെ പ്രകടനം മെച്ചപ്പെടുത്താൻ പരിശീലകനും ക്യാപ്റ്റനും എന്തൊക്കെ ചെയ്യാനാകും എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.
വെസ്റ്റ് ഇൻഡീസിനെതിരെ ബുധനാഴ്ച തുടങ്ങുന്ന ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് രോഹിത്തിന്റെ പ്രതികരണം. കോഹ്‌ലിയെക്കുറിച്ചുള്ള ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ആവർത്തിച്ചതോടെ കടുത്ത സ്വരത്തിലായിരുന്നു രോഹിത്തിന്റെ പ്രതികരണം.
'പ്രശ്നങ്ങൾക്ക് കാരണം നിങ്ങൾ തന്നെയാണ്. കുറച്ചു നാളത്തേക്കു നിങ്ങൾ മിണ്ടാതിരിക്കുകയാണേൽ കോഹ്‌ലി പഴയ പോലെയാകും. നിങ്ങളൊന്നു മൗനം പാലിച്ചാൽ എല്ലാം ശരിയാകും. വലിയ മാനസിക സമ്മർദം മറികടക്കാൻ അദ്ദേഹത്തിനാകും. പത്തു വർഷത്തിലധികമായി അദ്ദേഹം ഇന്ത്യൻ ടീമിനൊപ്പമുണ്ട്. സമ്മർദ്ദ സാഹചര്യങ്ങളും പരിസ്ഥിതിയും എല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിനു നന്നായറിയാം -രോഹിത് പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് 7.30നാണ് ഇന്ത്യ-വിൻഡീസ് പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം. കാലിനേറ്റ പരുക്കിനെത്തുടർന്ന് ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിനും പരമ്പര നഷ്ടമാകും. സുന്ദറിനു പകരം കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയതായി ബി.സി.സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.