ഏ​ഷ്യ ക​പ്പി​ൽ ഇ​ന്ന്​ പാ​കി​സ്താ​നെ നേ​രി​ടു​ന്ന ഇ​ന്ത്യ​ൻ ടീം ​പ​രി​ശീ​ല​ന​ത്തി​ൽ

അയൽ ക്ലാസികോ; ഏഷ്യ കപ്പിൽ ഇന്ന് ഇന്ത്യയും പാകിസ്താനും മുഖാമുഖം

ദുബൈ: കൃത്യം പത്ത് മാസം മുമ്പ് ഇതുപോലൊരു ഞായറാഴ്ചയാണ് ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാകിസ്താൻ ഇന്ത്യയെ പത്ത് വിക്കറ്റിന് മുക്കിക്കളഞ്ഞത്. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലിന്നോണം പാകിസ്താന് മുന്നിൽ തലകുനിച്ചിട്ടില്ലെന്ന ഇന്ത്യയുടെ റെക്കോഡ് പുസ്തകത്തിലെ റെഡ് മാർക്കായിരുന്നു ആ മത്സരം.

കൊടുങ്കാറ്റായി വീശിയ ശഹീൻ അഫ്രീദിക്ക് മുന്നിൽ തുടങ്ങിയ പതർച്ച മുഹമ്മദ് റിസ്വാനും ബാബർ അഅ്സമും ചേർന്ന് അടിച്ച് പരത്തുന്നത് വരെ തുടർന്നപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ലോകം ഞെട്ടി. പത്ത് മാസങ്ങൾക്കിപ്പുറം ഇരു ടീമുകളും വീണ്ടും നേർക്കുനേർ വരുകയാണ്. അതേ വേദിയിൽ, അതേ കാണികൾക്ക് മുന്നിൽ.

ഏഷ്യ കപ്പിലെ തീപാറും പോരാട്ടത്തിൽ ഇന്ന് ഇന്ത്യ പാകിസ്താനെ നേരിടും. രാത്രി ആറിന് (ഇന്ത്യൻ സമയം 7.30) ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. അന്നത്തെ ടീമിൽ നിന്ന് ഇരു ടീമുകളും കാര്യമായി മാറിയിട്ടില്ലെങ്കിലും ഇരു നിരയിലും സുപ്രധാനമായ രണ്ട് താരങ്ങളുടെ അഭാവം നിഴലിച്ച് കാണാൻ കഴിയും.

ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുംറയുടെയും പാക് ടീമിൽ ശഹീൻ അഫ്രീദിയുടെയും അഭാവം ഇരു ടീമിലെയും ബാറ്റ്സ്മാൻമാർക്ക് ചെറുതല്ലാത്ത ആശ്വാസം പകരും. ഈ വർഷം എട്ട് നായകന്മാരെ പരീക്ഷിച്ച ഇന്ത്യയെ ഏഷ്യകപ്പിൽ നയിക്കുന്നത് രോഹിത് ശർമയാണ്.

മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കാത്തതിൽ കേരളമൊന്നാകെ പിണക്കത്തിലാണെങ്കിലും വിക്കറ്റിന് പിന്നിൽ ഇടിച്ച് നിൽക്കുന്നത് മൂന്ന് പേരാണ്, ദിനേശ് കാർത്തിക്, ലോകേഷ് രാഹുൽ, ഋഷഭ് പന്ത്. പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന രാഹുൽ തിരിച്ചുവരവ് പ്രതീക്ഷയിലാണെങ്കിലും ഈ വർഷം ഒരു ട്വന്‍റി20 മത്സരത്തിൽ പോലും കളത്തിലിറങ്ങിയിട്ടില്ല.

കോഹ്ലിയുടെ ഫോമില്ലായ്മയാണ് ഇന്ത്യയുടെ തലവേദന. കൊള്ളാനും തള്ളാനും കഴിയാത്ത അവസ്ഥയിലാണ്. ഓൾ റൗണ്ടറുടെ റോളിൽ ഹാർദിക് പാണ്ഡ്യയോ രവീന്ദ്ര ജദേജയോ എത്തും. മുൻനിരയിൽ രോഹിതും കോഹ്ലിയും രാഹുലും പിടിച്ചു നിന്നാൽ മധ്യനിരയിൽ ആറാട്ട് നടത്താൻ സൂര്യകുമാറും പന്തും പാണ്ഡ്യയുമുണ്ടാകും.

ബുംറയുടെ അഭാവത്തിൽ പാക് മുൻനിരയെ വീഴ്ത്തേണ്ട ഉത്തരവാദിത്തം ഭുവനേശ്വറിനും അര്‍ഷദീപ് സിങ്ങിനും ആവേശ് ഖാനുമാണ്. രാഹുൽ ദ്രാവിഡിന് കോവിഡ് ബാധിച്ചതിനാൽ വി.വി.എസ്. ലക്ഷ്മണാണ് ടീമിന്‍റെ പരിശീലകൻ. മറുവശത്ത് പാകിസ്താൻ മികച്ച ഫോമിലാണ്. അവരുടെ അമിത ആത്മ വിശ്വാസമാണ് എപ്പോഴും അവർക്ക് തിരിച്ചടിയാവാറുള്ളത്.

ഏകദിന, ട്വന്‍റി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നായകൻ ബാബർ അഅ്സമിനെ തളക്കുക എന്നതാണ് ഇന്ത്യൻ ബൗളർമാരുടെ ആദ്യ കടമ്പ. കൂറ്റൻ സ്കോറിലേക്ക് കുതിക്കുമ്പോഴും ശീട്ടുകൊട്ടാരം പോലെ തകർന്നടിയുന്ന ബാറ്റിങ് നിരയാണ് പാകിസ്താന്‍റേത്. പക്ഷേ, അടുത്തകാലത്തായി ഇതിന് മാറ്റം വന്നിട്ടുമുണ്ട്. മുഹമ്മദ് റിസ്വാനും ഫഖർ സമാനുമെല്ലാം അൽപം ഉത്തരവാദിത്തബോധമുള്ളവരാണ്. മറ്റൊരു പേസ് ബൗളർ മുഹമ്മദ് വസീമിനും പരിക്കേറ്റത് പാകിസ്താന് വലിയ ക്ഷീണമാണ്.

ക്രിക്കറ്റ് ഫാൻസിനെ സംബന്ധിച്ചിടത്തോളം മൂന്ന് തവണ ഇന്ത്യ-പാക് മത്സരം കാണാനുള്ള ഭാഗ്യവും ഈ ഏഷ്യ കപ്പ് ഒരുക്കിയേക്കും.

ഗ്രൂപ് എയിൽ നിന്ന് യോഗ്യത നേടുന്ന രണ്ട് ടീമുകളായിരിക്കും സെപ്റ്റംബർ നാലിന് നടക്കുന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ഏറ്റുമുട്ടുക. എ ഗ്രൂപ്പിലെ മൂന്നാം ടീം ഹോങ്കോങ് ആണെന്നിരിക്കെ അട്ടിമറികൾക്ക് സാധ്യത കുറവാണ്. ടൂർണമെന്‍റിലെ ഏറ്റവും മികച്ച ടീമുകളായതിനാൽ ഫൈനലിലും മറ്റൊരു ഇന്ത്യ-പാക് മത്സരത്തിന് പിച്ചൊരുങ്ങിയേക്കാം.

Tags:    
News Summary - India and Pakistan face each other in the Asia Cup today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.