സഞ്ജു, ആവേശ്, കുൽദീപ് കളിക്കും; അഫ്ഗാനെതിരെ ഇന്ത്യക്ക് ബാറ്റിങ്

ബംഗളൂരു: അഫ്ഗാനിസ്താനെതിരായ ട്വന്‍റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ നായകൻ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞടുക്കുകയായിരുന്നു.

മലയാളി താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസൺ ടീമിലുണ്ട്. കൂടാതെ, പേസർ ആവേശ് ഖാനും സ്പിന്നർ കുൽദീപ് യാദവും പ്ലെയിങ് ഇലവനിൽ ഇടംകണ്ടെത്തി. അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ജിതേഷ് ശർമ എന്നിവർ പുറത്തായി. നാലു മാറ്റങ്ങളുമായാണ് അഫ്ഗാൻ ടീം കളിക്കാനിറങ്ങുന്നത്.

ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ടു കളികളും ജയിച്ച് പരമ്പര നേടിയ ആതിഥേയർ 3-0ത്തിന് തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്. അഫ്ഗാനെ സംബന്ധിച്ച് ആശ്വാസ ജയം അനിവാര്യവും. രണ്ടാമത് ബാറ്റ്ചെയ്ത് മൊഹാലിയിലും ഇന്ദോറിലും ആറു വിക്കറ്റിനാണ് ഇന്ത്യ മത്സരങ്ങൾ നേടിയത്.

14 മാസത്തിനുശേഷം ട്വന്‍റി20 ടീമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയെയും വിരാട് കോഹ്‌ലിയെ‍യും ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പിൽ കളിപ്പിക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. രോഹിത് രണ്ടു മത്സരത്തിലും പൂജ്യത്തിന് പുറത്തായിരുന്നു. ശിവം ദുബെയുടെ പ്രകടനമാണ് രണ്ടു കളിയിലും ജയം അനായാസമാക്കിയത്.

ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സഞ്ജു സാംസൺ, ശിവം ദുബെ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, ആവേശ് ഖാൻ, രവി ബിഷ്ണോയ്, മുകേഷ് കുമാർ.

ടീം അഫ്ഗാൻ: ഗുർബാസ് (ക്യാപ്റ്റൻ), സദ്രാൻ, നായിബ്, ഉമർസായി, നബി, നജീബുല്ല, ജനത്, ഷറഫുദ്ദീൻ, സലീം സാഫി, ഫരീദ്, ഖായിസ് അഹമ്മദ്.

Tags:    
News Summary - India batting against Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.