[PC: BCCI]

‘സിക്സറുകളുടെ തമ്പുരാൻ’; മിന്നും ജയത്തിന് പിന്നാലെ ഇന്ത്യയെ തേടിയെത്തിയ റെക്കോർഡ്

ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും വമ്പൻ വിജയവുമായി മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ ഇന്ത്യ സ്വന്തമാക്കി. മഴ കാരണം ഇടക്ക് തടസ്സപ്പെട്ട മത്സരത്തിൽ ഡക്ക്‍വർത്ത് ലൂയിസ് നിയമപ്രകാരം 99 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇന്ത്യയുടെ 399 റൺസിന് മറുപടിയായി 33 ഓവറിൽ 317 റൺസെടുക്കേണ്ടിയിരുന്ന ആസ്ട്രേലിയയുടെ എല്ലാ വിക്കറ്റും 28.2 ഓവറിൽ 217 റൺസെടുക്കുന്നതിനിടെ നിലംപൊത്തുന്ന കാഴ്ചയായിരുന്നു. ശ്രേയസ് അയ്യര്‍ (105) ശുബ്മാന്‍ ഗില്‍ (104) എന്നിവരുടെ ശതകങ്ങളും ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനങ്ങളുമായിരുന്നു ഇന്ത്യക്ക് കരുത്തായത്.

വിജയത്തോടൊപ്പം ഇരട്ടി മധുരമായി പല റെക്കോർഡുകളും ഇന്ത്യൻ ടീം സ്വന്തമാക്കിയിട്ടുണ്ട്. അതിൽ തന്നെ ഏറ്റവും പ്രത്യേകത നിറഞ്ഞ നേട്ടം സിക്സറുകളിൽ ഇന്ത്യ സൃഷ്ടിച്ച പുതിയ റെക്കോർഡാണ്. ഏകദിനത്തിൽ 3000 സിക്സറുകൾ തികയ്ക്കുന്ന ആദ്യ അന്താരാഷ്ട്ര ടീം എന്ന അപൂർവ്വ റെക്കോർഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസീസിനെതിരായ മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ ചേർന്ന് 18 സിക്സറുകളായിരുന്നു പറത്തിയത്. അതിൽ ആറെണ്ണവും പിറന്നത് സൂര്യകുമാർ യാദവിന്റെ ബാറ്റിൽ നിന്നായിരുന്നു.

സിക്സുകളുടെ കാര്യത്തിൽ നേരത്തെയും ഇന്ത്യയായിരുന്നു തലപ്പത്ത്, എന്നാൽ, 3000 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനായത് ഇതാദ്യമായാണ്. ഇക്കാര്യത്തിൽ വെസ്റ്റ് ഇൻഡീസാണ് രണ്ടാം സ്ഥാനത്തുള്ളത്. വിൻഡീസിന്റെ പേരില്‍ 2953 സിക്‌സുകളാണുള്ളത്. പാകിസ്താനാണ് റെക്കോർഡ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. അവരുടെ പേരിൽ 2566 സിക്സറുകളാണുള്ളത്. 2476 സിക്‌സുകളുമായി ഓസീസ് നാലാമതും 2387 സിക്സുളുമായി ന്യൂസിലൻഡ് അഞ്ചാമതുമാണ്.

ഇംഗ്ലണ്ട് 2032 സിക്‌സുകൾ, ദക്ഷിണാഫ്രിക്ക 1947 സിക്‌സുകൾ, ശ്രീലങ്ക 1779 സിക്‌സുകൾ, സിംബാബ്‌വെ 1303 സിക്‌സുകൾ, ബംഗ്ലാദേശ് 959 സിക്‌സുകൾ എന്നീ ടീമുകൾ പുറകെയുണ്ട്. 

Tags:    
News Summary - India Become First Team To Hit 3000 Sixes In ODI Cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.