ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ്; ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ എറിഞ്ഞത് 642 പന്തുകൾ

കേപ്ടൗൺ: ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരത്തിനാണ് കേപ്ടൗൺ വേദിയായത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ നാലു ഇന്നിങ്സുകളിലായി ഇരുടീമുകളും 642 പന്തുകൾ മാത്രമാണ് എറിഞ്ഞത്.

രണ്ടു ദിവസങ്ങളിലായി അഞ്ച് സെഷൻ പൂർത്തിയാകും മുമ്പേ മത്സരം കഴിഞ്ഞു. ഏഴു വിക്കറ്റിന് ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കി. ഇതോടെ ടെസ്റ്റ് പരമ്പര സമനിലയിലായി. ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്നിങ്സിനാണ് ജയിച്ചത്. 1932ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് മത്സരമായിരുന്നു ഇതുവരെയുണ്ടായിരുന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരം. അന്ന് 656 പന്തിലാണ് (109.2 ഓവർ) മത്സരം പൂർത്തിയായത്. ഈ റെക്കോഡാണ് കേപ്ടൗൺ ടെസ്റ്റോടെ പഴങ്കഥയായത്.

കൂടാതെ, കേപ്ടൗണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയം കൂടിയാണിത്. ഇതിനു മുമ്പ് ആറു ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഇവിടെ കളിച്ചത്. കേപ്ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്ന ഏഷ്യക്കാരനായ ആദ്യ ക്യാപ്റ്റനും ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര സമനിലയിലാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ നായകനുമാണ് രോഹിത് ശർമ.

ബാറ്റിങ് ദുഷ്‍കരമായ പിച്ചിൽ ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ വേണ്ടിയിരുന്നത് 79 റൺസായിരുന്നു. അതിവേഗത്തിലുള്ള ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് ജയം സ്വന്തമാക്കിയത്. കഗിസൊ റബാദയെയും നാന്ദ്രെ ബർഗറെയും നിർഭയം നേരിട്ട ഓപണർ യശസ്വി ജയ്സ്വാൾ 23 പന്തിൽ ആറ് ഫോറടക്കം 28 റൺസ് നേടിയാണ് പുറത്തായത്.

ശുഭ്മൻ ഗില്ലിന്റെ (11 പന്തിൽ 10) സ്റ്റമ്പ് വൈകാതെ റബാദ പിഴുതു. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്‍ലിയും ചേർന്ന് വിജയത്തിലേക്ക് നയിക്കുന്നതിനിടെ നാല് റൺസകലെ കോഹ്‍ലിയും വീണു. 11 പന്തിൽ 12 റൺസെടുത്ത താരത്തെ മാർകോ ജാൻസന്റെ പന്തിൽ വിക്കറ്റ് കീപ്പർ വെരെയ്ൻ പിടികൂടുകയായിരുന്നു. രോഹിത് 17 റൺസുമായും ശ്രേയസ് അയ്യർ നാല് റൺസുമായും പുറത്താകാതെനിന്നു. വെറും 12 ഓവറിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്.

രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുംറ നയിച്ച ഇന്ത്യയുടെ പേസ് ആക്രമണത്തിന് മുന്നിൽ പതറാതെ ഒറ്റയാൾ പോരാട്ടത്തിലൂടെ തകർപ്പൻ സെഞ്ച്വറി നേടിയ ഓപണർ എയ്ഡൻ മർക്രാമിന്റെ മികവിൽ 179 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഒരുവശത്ത് വിക്കറ്റുകൾ തുടരെത്തുടരെ വീഴുമ്പോഴും ഒറ്റക്കുനിന്ന് പൊരുതി 103 പന്തിൽ 106 റൺസാണ് മർക്രാം അടിച്ചെടുത്തത്.

Tags:    
News Summary - India Break Cape Town Jinx In Shortest Test Match In History

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.