‘ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ നീതിപൂർവം പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു’; ശുഐബ് ബഷീറിന്റെ വിസ പ്രശ്നത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫിസ്

ലണ്ടൻ: വിസ നടപടികൾ വൈകിയതിനെ തുടർന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് താരം ശു​ഐബ് ബഷീറിന് ഇന്ത്യയിലേക്ക് വരാനാകാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്ന പ്രശ്നത്തിൽ ഇടപെട്ട് പ്രധാനമന്ത്രി ​ഋഷി സുനകിന്റെ ഓഫിസ്. വിസ നടപടിക്രമങ്ങളിൽ എല്ലായ്‌പ്പോഴും ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ നീതിപൂർവം പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.

‘ഈ കേസിന്റെ പ്രത്യേകതകൾ എനിക്ക് പറയാനാവില്ല. എന്നാൽ, ഞങ്ങൾ മുമ്പ് ഇത്തരം പ്രശ്നങ്ങൾ ഹൈകമീഷനിൽ ഉന്നയിച്ചിട്ടുണ്ട്. വിസ നടപടിക്രമങ്ങളിൽ എല്ലായ്‌പ്പോഴും ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ നീതിപൂർവം പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഞങ്ങൾക്ക് വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താൻ പൈതൃകമുള്ള ബ്രിട്ടീഷ് പൗരന്മാർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഞങ്ങൾ മുമ്പും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിസക്ക് അപേക്ഷിമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഞങ്ങൾ ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷണർക്ക് മുമ്പിൽ ഉന്നയിച്ചിട്ടുണ്ട്’ -വക്താവ് പറഞ്ഞു.

നേരത്തെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഒരു താരത്തിന് സ്​പോർട്സുമായി ബന്ധപ്പെട്ടതല്ലാത്ത കാരണത്താൽ കളിക്കാനാവാത്തത് നിരാശയുണ്ടാക്കുന്നതാണ്. ഇത്തരം പ്രശന്ങ്ങൾ ആദ്യമായല്ല ഉണ്ടാകുന്നത്. ഇതിന് മുമ്പും നിരവധി കളിക്കാർ ഇത്തരത്തിൽ വിസ കുരുക്കിൽ പെട്ടിരുന്നു. ഡിസംബർ അവസാനവാരം ടീം പ്രഖ്യാപനം നടത്തിയിരുന്നു. എന്നിട്ടും വിസ നടപടികൾ പൂർത്തിയാകാത്തത് ദൗർഭാഗ്യകരമാണെന്നും സ്റ്റോക്സ് പറഞ്ഞു.

ശുഐബ് ബഷീറിന്റെ മടക്കം നിർഭാഗ്യകരമാണെന്നും വിഷയത്തിൽ തീരുമാനം എടുക്കാൻ ഞാൻ വിസ ഓഫിസിൽ ഇരിക്കാറില്ലെന്നുമായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചത്. അവനത് ഉടൻ ലഭിക്കുകയും നമ്മുടെ രാജ്യം ആസ്വദിക്കാനാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു.

യു.എ.ഇയിൽ ഇംഗ്ലീഷ് ടീമിനൊപ്പം പരിശീലനത്തിലായിരുന്ന ശുഐബ് ബഷീർ വിസ ലഭിക്കാത്തതിനാൽ നാട്ടിലേക്ക് മടങ്ങിയതോടെ വ്യാഴാഴ്ച ഹൈദരാബാദിൽ നടക്കുന്ന ആദ്യ ടെസ്റ്റിനുള്ള ടീമിൽനിന്ന് പുറത്തായിരുന്നു. താരത്തിന്റെ മാതാപിതാക്കൾ പാക് വംശജരായതാണ് ഇന്ത്യയിലേക്കുള്ള വരവിന് തിരിച്ചടിയായത്. നേരത്തെ ഓസീസ് ഓപണർ ഉസ്മാൻ ഖ്വാജയും ഇംഗ്ലണ്ട് എ ടീം അംഗം സാഖിബ് മഹ്മൂദും സമാന പ്രശ്‌നത്തിൽ കുരുങ്ങിയിരുന്നു.

ഇംഗ്ലണ്ടിനായി ടെസ്റ്റിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നതിനിടെയാണ് ശുഐബ് ബഷീറിന് അപ്രതീക്ഷിത തിരിച്ചടി. സ്പിന്നിനെ തുണക്കുന്ന ഇന്ത്യൻ പിച്ചുകളിൽ യുവതാരത്തിന്റെ സാന്നിധ്യം കരുത്തുപകരുമെന്ന പ്രതീക്ഷയിലായിരുന്നു സന്ദർശകർ. കഴിഞ്ഞ ജൂണിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ 20കാരൻ ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് ദേശീയ ടീമിലെത്തുന്നത്.

Tags:    
News Summary - 'India is expected to treat British citizens fairly'; Prime Minister's office intervened in Shoaib Bashir's visa issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.