'സംഭവബഹുലം'; ആദ്യ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് എട്ട് വിക്കറ്റ് വിജയം

ബംഗ്ലളൂരു: ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് തോൽവി. രണ്ടാം ഇന്നിങ്സ് വിജയലക്ഷ്യമായ 107 റൺസ് എട്ട് വിക്കറ്റ് കയ്യിലിരിക്കെ ന്യൂസിലാൻഡ് മറികടന്നു. 48 റൺസുമായി വിൽ യങ്ങും 39 റൺസുമായി രച്ചിൻ രവീന്ദ്രയും പുറത്താകാതെ നിന്നു. ഡെവൺ കോൺവെ (17) ക്യാപ്റ്റൻ ടോം ലതാം (0) എന്നിവരാണ് പുറത്തായ ബാറ്റർമാർ. ജസ്പ്രീത് ബുംറയാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.

മഴ കളിച്ച മത്സരത്തിൽ ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ ബാറ്റിങ് തകർച്ച സംഭവിച്ചിരുന്നു. ആദ്യ ദിനം മഴ കളി പൂർണമായി മുടക്കിയപ്പോൾ രണ്ടാം ദിനം ഇന്ത്യ 46 റൺസിന് എല്ലാവരും പുറത്തായി. മാറ്റ് ഹെന്രി അഞ്ച് വിക്കറ്റും വിൽ റൂർക് നാല് വിക്കറ്റും ന്യൂസിലാൻഡിനായി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 402 റൺസ് നേടി മികച്ച ഒന്നാം ഇന്നിങ്സ് ലീഡെടുക്കുകയായിരുന്നു. 134 റൺസ് നേടിയ രച്ചിൻ രവീന്ദ്രയായിരുന്നു ടോപ് സ്കോറർ. ഡെവൺ കോൺവെ 91 റൺസും, ടിം സൗത്തി 65 റൺസും നേടി. ഇന്ത്യക്കായി കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മഴ മാറി ഓവർകാസ്റ്റ് കാലവസ്ഥയിൽ ബാറ്റിങ് തെരഞ്ഞെടുത്തത് മോശം തീരുമാനമായെന്ന് നായകൻ രോഹിത് ശർമ സമ്മതിച്ചിരുന്നു.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഇന്ത്യൻ ബാറ്റർമാരെല്ലാം തന്നെ ആക്രമണ രീതിയിൽ ബാറ്റ് വീശിയപ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ലീഡെടുക്കുകയായിരുന്നു. 150 റൺസുമായി സർഫറാസ് ഖാൻ ഇന്ത്യയുടെ ടോപ് സ്കോററയപ്പോൾ 99 റൺസുമായി ഋഷഭ് പന്ത് മികച്ച പിന്തുണ നൽകി. വിരാട് കോഹ്ലി (70) രോഹിത് ശർമ (52) എന്നിവരും മികവ് കാട്ടി. മൂന്ന് വീതം വിക്കറ്റ് വീതം നേടികൊണ്ട് മാറ്റ് ഹെന്രി വിൽ റൂർക് എന്നിവർ തന്നെയാണ് വീണ്ടും ഇന്ത്യൻ ബാറ്റിങ്ങിന് തടയിട്ടത്.

അവസാന ദിനം രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ ലതാമിനെ പവലിയനിലെത്തിച്ച് ബുംറ ഇന്ത്യക്ക് പ്രതീക്ഷ നൽകിയിരുന്നുവെങ്കിലും കാര്യമുണ്ടായില്ല. പാറ പോലെ ഉറച്ച് നിന്ന യങ്ങും കോൺവെയും ന്യൂസിലാൻഡിനെ നയിക്കുകയായിരുന്നു. ടീം സ്കോർ 35ൽ നിൽക്കുമ്പോൾ ബുംറ കോൺവെയെ മടക്കിയെങ്കിലും പിന്നീടെത്തിയ രച്ചിൻ ഇന്ത്യൻ ബൗളർമാരെ അനായാസം നേരിടുകയായിരുന്നു. ആദ്യ ദിനം മഴ കൊണ്ടുപോയും രണ്ടാം ദിനം ടോസിലെ പാളിച്ചകളും പിന്നീട് ആദ്യ ഇന്നിങ്സിലെ നിരാശയും രണ്ടാം ഇന്നിങ്സിലെ തിരിച്ചുവരവുമെല്ലാമായി ഒരുപാട് സംഭവങ്ങൾ നിറഞ്ഞ തോൽവിയായിരുന്നു ഇന്ത്യക്കിത്. പൂനെയിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ വിജയിച്ചുകൊണ്ട് പരമ്പരയിലേക്ക് തിരിച്ചുവരവ് നടത്താനായിരിക്കും രോഹിത്തും സംഘവും ശ്രമിക്കുക.

Tags:    
News Summary - india lost first test vs newzealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.