ദുബൈ: ലോകവേദിയിൽ ഇന്ത്യക്ക്മുന്നിൽ എന്നും അപമാനിതരായി മടങ്ങിയ പാകിസ്താന് വിജയദിനം . ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ എല്ലാം ശരിയായ ദിനത്തിൽ ഇന്ത്യയെ പത്തു വിക്കറ്റിന് തോൽപ്പിച്ച് പാകിസ്താൻ ചരിത്രം തിരുത്തിയെഴുതി. ട്വന്‍റി 20, ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇതുവരെയും ഇന്ത്യയെ തോൽപ്പിച്ചിട്ടില്ലെന്ന ചീത്തപ്പേര് ബാബർ അസമിലൂടെ പാകിസ്താൻമാറ്റി. തുടക്കത്തിലെ പതർച്ചക്ക് ശേഷം ഇന്ത്യ പടുത്തുയർത്തിയ 151 റൺസ് പാകിസ്താൻ ഒരുവിക്കറ്റ് പോലും നഷ്ടമാക്കാതെ മറികടന്നു. ഓപ്പണർമാരായെത്തിയ മുഹമ്മദ് റിസ്വാൻ 55 പന്തിൽ 79 റൺസോടെയും ബാബർ അസം 52 പന്തിൽ 68 റൺസോടെയും വിജയശ്രീലാളിതരായി മടങ്ങി.
മത്സരത്തിന്‍റെ ഒരു ഘട്ടത്തിലും പാകിസ്താൻ ബാറ്റ്സ്മാൻമാർക്ക് വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ബൗളർമാർക്കായില്ല. മോശം പന്തുകളെ തെരഞ്ഞെടുത്ത് പ്രഹരിച്ച് ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ പാക് ഓപ്പണർമാർ വിജയം ഉറപ്പാക്കി മടങ്ങുകയായിരുന്നു.
ആറു റൺസിന് രണ്ട് ഓപ്പണർമാരെയും നഷ്ടമായ ഇന്ത്യ ഏഴുവിക്കറ്റിന് 151 റൺസെന്ന നിലയിലാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ചങ്കുതുളക്കുന്ന സമ്മർദ്ദത്തിലും ഒരറ്റത്ത് വിക്കറ്റ് കാത്ത നായകൻ വിരാട് കോഹ്ലിയാണ് (49 പന്തിൽ 57) ഇന്ത്യൻ ഇന്നിങ്സിന് നിറം പകർന്നത്. 30 പന്തിൽ 39 റൺസുമായി റിഷഭ് പന്തും കനപ്പെട്ട സംഭാവന നൽകി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറുകൾ ദുസ്വപ്നം പോലെയായിരുന്നു. ആദ്യ ഓവറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ തന്നെ ഓപണർ രോഹിത് ശർമയെ വിക്കറ്റിന് മുന്നിൽ കുരക്കി ഷഹീൻ ഷാ അഫ്രീദി കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു. പിന്നാലെ ലോകേഷ് രാഹുലിനെ (3) ക്ലീൻ ബൗൾഡാക്കി അഫ്രീദി വീണ്ടും ഇന്ത്യക്ക് പ്രഹരമേൽപിച്ചു. ടീം സ്കോർ 31ൽ നിൽക്കേ നന്നായി തുടങ്ങിയ സൂര്യകുമാർ യാദവും (11) പുറത്തായതോടെ സമ്മർദത്തിലായ ഇന്ത്യക്കായി വിരാട് കോഹ്ലിയും റിഷഭ് പന്തും ഒത്തുചേരുകയായിരുന്നു.
ഒരറ്റത്ത് വിരാട് കോഹ്ലി പക്വതയോടെ ബാറ്റേന്തിയപ്പോൾ റൺനിരക്കുയർത്തി റിഷഭ് പന്ത് പിന്തുണനൽകി. ഹസൻ അലിയെ തുടർച്ചയായി രണ്ട് സിക്സറുകൾക്ക് പറത്തിയ ആക്രമണ മൂഡിലേക്ക് മാറിയ റിഷഭ് പന്തിനെ ഷദാബ് ഖാൻ പുറത്താക്കുയായിരുന്നു. തുടർന്നെത്തിയ രവീന്ദ്ര ജദേജക്ക് (13 പന്തിൽ 13) ആഞ്ഞുവീശാനായില്ല. ഇതിനിടയിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ കോഹ്ലി നായകനൊത്ത ഇന്നിങ്സ് കാഴ്ചവെച്ചു മടങ്ങി.
നാലോവറിൽ 31റൺസിന് മൂന്നുവിക്കറ്റ് വീഴ്ത്തിയ അഫ്രീദിയാണ് പാക് നിരയിൽ മികച്ചുനിന്നത്. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവറിൽ 44റൺസ് വഴങ്ങിയ ഹസൻ അലി പാക് നിരയിൽ നന്നായി തല്ലുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.