ഇന്ത്യയുടെയും പാകിസ്താന്റെയും രണ്ട് പ്രധാന താരങ്ങൾ ഒരുമിച്ച് ക്രീസിലിറങ്ങിയത് ആഘോഷമാക്കുകയാണ് ക്രിക്കറ്റ് ലോകം. ഇംഗീഷ് കൗണ്ടി ചാമ്പ്യൻഷിപ്പ് ഡിവിഷൻ 2ൽ സസെക്സിനായി കളിക്കുന്ന ഇന്ത്യൻ താരം ചേതേശ്വർ പുജാരയും പാക് താരം മുഹമ്മദ് റിസ്‍വാനുമാണ് ക്രീസിൽ ഒരുമിച്ചത്. ഡർഹാമിനെതിരായ മത്സരത്തിന്റെ രണ്ടാം ദിനം അവസാന ഓവറുകളിലാണ് ഇരുവരും ഒരുമിച്ച് ക്രീസിലെത്തിയത്.
99-ാം ഓവറിൽ ടോം ക്ലാർക്ക് പുറത്തായതോടെയാണ് റിസ്‍വാൻ ക്രീസിലെത്തുന്നത്. തുടർന്ന് പുജാരയും റിസ്‍വാനും ചേർന്ന് 154 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. സ്വപ്നതുല്യമായിരുന്നു ഈ കൂട്ടുകെട്ടാന്നാണ് ക്രിക്കറ്റ് ലോകം പ്രതികരിച്ചത്. ഇന്നിങ്സിൽ പുജാര 203 റൺസ് എടുത്തപ്പോൾ റിസ്വാൻ 79 റൺസ് നേടി.
ഇരുവരും ഒരുമിച്ചുള്ള ചിത്രം കൗണ്ടി ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചതോടെ നിരവധി പേർ ഇത് ഷെയർ ചെയ്തു. ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
'രാഷ്ട്രീയം ഞങ്ങളെ വൃത്തികെട്ടതാക്കിയെന്ന് അറിഞ്ഞുകൊണ്ട് തന്നെ റിസ്വാനും പുജാരയും ഒരുമിച്ച് ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടു' എന്ന് ഒരാൾ കുറിച്ചു. 'റിസ്വാനും പൂജാരയും ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോൾ സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റിന്റെ യഥാർത്ഥ സൗന്ദര്യം പുറത്തുവരും. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ അവഗണിച്ച് ഇന്ത്യൻ കളിക്കാർ പാകിസ്താൻ സൂപ്പർ ലീഗിലും പാക് താരങ്ങൾ ഐ.പി.എല്ലിലും കളിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്' -മറ്റൊരാളുടെ കമന്റ് ഇപ്രകാരമായിരുന്നു.
പുജാര ഇന്ത്യക്ക് വേണ്ടി 95 ടെസ്റ്റുകളിൽനിന്നാണ് 6713 റൺസ് നേടിയിട്ടുണ്ട്. അഞ്ച് ഏകദിനങ്ങളും കളിച്ചു. പാക് വിക്കറ്റ് കീപ്പറായ റിസ്വാൻ 22 ടെസ്റ്റുകളും 44 ഏകദിനങ്ങളും 56 ട്വന്റി20കളും ദേശീയ ടീമിനായി കളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.