സഞ്ജുവിനെ വീണ്ടും തഴഞ്ഞു; ആസ്ട്രേലിയക്കെതിരെ രാഹുൽ നായകൻ

മുംബൈ: ലോകകപ്പിന് മുന്നോടിയായി സെപ്റ്റംബർ 22ന് ആരംഭിക്കുന്ന ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങളിൽ കെ.എൽ. രാഹുലാണ് ടീമിനെ നയിക്കുക. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർക്ക് വിശ്രമം നൽകി. എന്നാൽ, മൂന്നാം ഏകദിനത്തിൽ രോഹിതിന്റെ നേതൃത്വത്തിലുള്ള ലോകകപ്പ് ടീമിനെ തന്നെയാണ് ഇന്ത്യ ഇറക്കുന്നത്.

ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള 15 അംഗ ടീമിൽ ആർ.അശ്വിനെയും വാഷിംഗ്ടൺ സുന്ദറിനെയും  ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാകപ്പ്, ലോകകപ്പ് ടീമിൽ നിന്നും തഴയപ്പെട്ട മലയാളി താരം സഞ്ജുസാംസണെ വീണ്ടും പരിഗണിച്ചില്ല. ലോകകപ്പിന് തൊട്ടുമുൻപ് നടക്കുന്ന ഏകദിന മത്സരത്തിൽ ഫോം പ്രകടിപ്പിക്കാനുള്ള അവസാന അവസരവും സഞ്ജുവിന് നഷ്ടമായി. അതേസമയം തിലക് വർമയെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ നയിക്കുന്ന റുതുരാജ് ഗെയ്‌ക്‌വാദും ഇടം നേടിയിട്ടുണ്ട്.

സെപ്റ്റംബർ 22ന് മൊഹാലിയിലും 24ന് ഇന്‍ഡോറിലും 27ന് രാജ്കോട്ടിലുമാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അരങ്ങേറുക. ആസ്ട്രേലിയയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ഒക്ടോബര്‍ എട്ടിന് ചെന്നൈയിലാണ് മത്സരം.

ഇന്ത്യൻ സക്വാഡ്:

ആദ്യ രണ്ട് ഏകദിനം: കെ.എൽ.രാഹുൽ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വർമ, പ്രസീദ്ധ് കൃഷ്ണ, ആർ അശ്വിൻ, ആർ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ

മൂന്നാം ഏകദിനം : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, കുൽദീപ് യാദവ്, കുൽദീപ് യാദവ് പട്ടേൽ (ഫിറ്റ്നസ് അനുസരിച്ച്), ആർ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ.  

ഇന്ത്യയെ നേരിടാനുള്ള ആസ്ട്രേലിയൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പരിക്ക് കാരണം ദക്ഷിണാഫ്രിക്കൻ പരമ്പരയിൽനിന്ന് പുറത്തായ ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സും സ്റ്റീവ് സ്മിത്തും െഗ്ലൻ മാക്സ്‌വെല്ലും മിച്ചൽ സ്റ്റാർക്കും അടക്കമുള്ള പ്രമുഖർ തിരിച്ചെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കിടെ കൈക്ക് പരിക്കേറ്റ ട്രാവിസ് ഹെഡ് പുറത്തായി. കമ്മിന്‍സിന്‍റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ടീമിനെ നയിക്കുന്ന മിച്ചല്‍ മാർഷും ഇടം പിടിച്ചിട്ടുണ്ട്.

മാറ്റ് ഷോര്‍ട്ട്, സ്പെന്‍സര്‍ ജോണ്‍സണ്‍ എന്നിവരാണ് 18 അംഗ ടീമിലെ പുതുമുഖങ്ങള്‍. ലോകകപ്പ് ടീമിലുള്ള ആഷ്ടണ്‍ ആഗര്‍ ആദ്യ കുഞ്ഞ് പിറന്നതിനാൽ ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കില്ല. ഏകദിന ലോകകപ്പ് ടീമില്‍ ഇല്ലാത്ത മാര്‍നസ് ലബൂഷെയ്ന്‍, തന്‍വീര്‍ സംഗ, നഥാന്‍ എല്ലിസ് എന്നിവരും ഇടം നേടി. പരിക്കേറ്റ ട്രാവിസ് ഹെഡിന് ഏകദിന ലോകകപ്പ് നഷ്ടമാകുകയാണെങ്കില്‍ പകരം ലബൂഷെയ്ന്‍ ലോകകപ്പ് ടീമിലെത്തിയേക്കും.

ആസ്ട്രേലിയന്‍ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), ഡേവിഡ് വാർണർ, സീൻ ആബട്ട്, അലക്സ് കാരി, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, മാർനസ് ലബൂഷെയ്ന്‍, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്‌വെൽ, തൻവീർ സംഗ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മാർകസ് സ്റ്റോയിനിസ്, ആദം സാംപ.

Tags:    
News Summary - India pick Ashwin and Rahul comes in as captain for first two ODIs against Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.