ഞായറാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഓപണറിൽ ആസ്‌ട്രേലിയയ്‌ക്കെതിരെ ടീം ഇന്ത്യ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ പേരുകേട്ട നാല് ടോപ് ഓർഡർ ബാറ്റർമാരിൽ മൂന്നുപേരും പുറത്തായത് സംപൂജ്യരായി. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇന്ത്യൻ ടീമിന് ആദ്യമായാണ് ഇത്തരമൊരു നാണക്കേട് നേരിടേണ്ടി വരുന്നത്.
ഓപണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും നാലാം നമ്പറിൽ ഇറങ്ങിയ ശ്രേയസ് അയ്യരുമാണ് ഡക്കായി കൂടാരം കയറിയത്. സ്വന്തം മണ്ണിൽ ഒരു ഘട്ടത്തിൽ രണ്ട് റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായി പരിതാപകരമായ നിലയിലായിരുന്നു ഇന്ത്യ.
രവീന്ദ്ര ജദേജയുടെ സ്പിൻ ആക്രമണത്തിൽ (28 റൺസിന് മൂന്ന് വിക്കറ്റ്) തകർന്ന് തരിപ്പണമായ ഓസീസിനെതിരെ മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് സ്കോർ ബോർഡിൽ രണ്ട് റൺസ് കയറുന്നതിനിടെ തന്നെ ഇഷാൻ കിഷനെ നഷ്ടമായി. ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ ബാറ്റിംഗ് ആരംഭിച്ച കിഷൻ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കാമറൂൺ ഗ്രീന് പിടി നൽകിയാണ് പുറത്തായത്.
രണ്ടാമത്തെ ഓവറിൽ ഇന്ത്യക്ക് നഷ്ടമായത് രണ്ട് താരങ്ങളെയായിരുന്നു. ജോഷ് ഹേസൽവുഡ് എറിഞ്ഞ ഓവറിൽ റൺസൊന്നും വിട്ടുകൊടുക്കാതെ താരം പുറത്താക്കിയത് ഇന്ത്യൻ നായകനെയും ശ്രേയസ് അയ്യരെയും. രോഹിത് എൽബിയിൽ കുരുങ്ങി പുറത്തായപ്പോൾ ശ്രേയസ് ക്യാച്ച് നൽകിയാണ് മടങ്ങിയത്. രണ്ട് റൺസിന് മൂന്ന് വിക്കറ്റ് എന്ന പരിതാപകരമായ നിലയിലായിരുന്ന ഇന്ത്യയെ കരകയറ്റുന്നത് വിരാട് കോഹ്‍ലിയും കെ.എൽ രാഹുലുമായിരുന്നു. 165 റൺസിന്റെ കൂട്ടുകെട്ടുയർത്തിയ ഇരുവരും ചേർന്നാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.