ന്യൂഡല്‍ഹി: 2022 ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല. പരിക്കിൽനിന്ന് മുക്തനായ ജസ്പ്രീത് ബുംറയും അക്സർ പട്ടേലും ടീമിൽ തിരിച്ചെത്തി. 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ കെ.എല്‍. രാഹുലാണ് ഉപനായകൻ. മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈ ആയി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാൽമുട്ടിലെ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലുള്ള രവീന്ദ്ര ജദേജയും ടീമിലില്ല.
പകരം അക്ഷര്‍ പട്ടേല്‍ കളിക്കും. വെറ്ററന്‍ താരം രവിചന്ദ്ര അശ്വിന്‍ ടീമിലിടം നേടി. ഏഷ്യ കപ്പിലെ ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് ടീമിൽ കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിക്കറ്റ് കീപ്പറായി സഞ്ജു ടീമിൽ തിരിച്ചെത്തുമെന്നും അടുത്ത വൃത്തങ്ങൾ സൂചന നൽകിയിരുന്നു.
എന്നാൽ, വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമാണ് ടീമിലുള്ളത്. രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ എന്നിവര്‍ ബാറ്റിങ് ലൈനപ്പിലുള്ളത്. ഓള്‍ റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലും ഹാര്‍ദിക്ക് പാണ്ഡ്യയും ഹര്‍ഷല്‍ പട്ടേലും ടീമിലുണ്ട്.
അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് സ്പിന്നര്‍മാര്‍. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ബൗളര്‍മാരുടെ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ് ദീപ് സിങ് എന്നിവരുമുണ്ട്. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെ നടക്കുന്ന ലോകകപ്പിന് ആസ്ട്രേലിയയാണ് വേദിയാകുന്നത്.
ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.
സ്റ്റാന്‍ഡ്‌ബൈ: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ദീപക് ചാഹര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.