ശുഭ്മൻ ഗില്ലിന് അർധ സെഞ്ച്വറി (65*); തിരിച്ചടിച്ച് ഇന്ത്യ; 129/1

അഹ്മദാബാദ്: നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ തിരിച്ചടിച്ച് ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ ആസ്ട്രേലിയ കുറിച്ച വമ്പൻ സ്കോർ പിന്തുടരുന്ന ആതിഥേയർ മൂന്നാംദിനം ലഞ്ചിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 ഓവറിൽ 129 റൺസെടുത്തിട്ടുണ്ട്. 58 പന്തിൽ 35 റൺസെടുത്ത നായകൻ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

അർധ സെഞ്ച്വറി നേടിയ ശുഭ്മൻ ഗില്ലും (119 പന്തിൽ 65 ) ചേതേശ്വർ പൂജാരയുമാണ് (46 പന്തിൽ 22 റൺസ്) ക്രീസിലുള്ളത്. മാത്യു കുനേമാനാണ് രോഹിത്തിന് പുറത്താക്കിയത്. ഇപ്പോഴും 351 റൺസ് പുറകിലാണ് ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ 480 റൺസെടുത്താണ് സന്ദർശകർ പുറത്തായത്. 180 റൺസെടുത്ത ഉസ്മാൻ ഖാജയും കന്നി സെഞ്ച്വറി സ്വന്തമാക്കിയ കാമറൂൺ ഗ്രീനുമാണ് (114) ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്.

ഇന്ത്യക്കായി ആർ. അശ്വിൻ ആറും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി. ഇരട്ട ശതകത്തിലേക്ക് കുതിക്കുകയായിരുന്ന ഉസ്മാൻ ഖാജയെ അക്സർ പട്ടേൽ 20 റൺസകലെ പുറത്താക്കി. നാലിന് 255 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസീസ് രണ്ടാം ദിനത്തിൽ രാവിലെ അനായാസം ആതിഥേയ ബൗളർമാരെ നേരിട്ടു. 104 റൺസുമായി രണ്ടാം ദിനം തുടങ്ങിയ ഉസ്മാൻ ഖാജ മോണിങ് സെഷനിൽ 150 റൺസിലെത്തി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കാമറൂൺ ഗ്രീൻ 95 റൺസുമായി ഖാജക്കൊപ്പം 92 റൺസ് കൂടി ചേർത്തു.

വിക്കറ്റ് നേട്ടമില്ലാതെയാണ് ഇന്ത്യൻ ബൗളർമാർ ഉച്ചഭക്ഷണത്തിന് പിരിഞ്ഞത്. ലഞ്ചിന് ശേഷം ഒരോവറിൽതന്നെ ഗ്രീനിനെയും വിക്കറ്റ് കീപ്പർ അലക്സ് കാരിയെയും (പൂജ്യം) പുറത്താക്കി അശ്വിൻ ഇന്ത്യക്ക് ആശ്വാസമേകി. ഗ്രീനിനെ ഭരതും കാരിയെ അക്സർ പട്ടേലും ക്യാച്ചെടുത്തു. 170 പന്തിൽ 18 ഫോറടക്കമാണ് കാമറൂൺ ഗ്രീനിന്റെ ആദ്യ സെഞ്ച്വറി പിറന്നത്.

ഖാജ-ഗ്രീൻ സഖ്യം അഞ്ചാം വിക്കറ്റിൽ 208 റൺസാണ് ചേർത്തത്. 1979നു ശേഷം ഇന്ത്യയിൽ ആസ്ട്രേലിയയുടെ ആദ്യ ഡബ്ൾ സെഞ്ച്വറി കൂട്ടുകെട്ടാണ്. അഞ്ച് സെഷനുകളിലായി പത്ത് മണിക്കൂർ ക്രീസിൽ നിന്ന ഉസ്മാൻ ഖാജ 422 പന്തിൽനിന്ന് 21 ഫോറുകളുമായാണ് 180 റൺസ് നേടിയത്. അശ്വിൻ ആസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായി. 113 കംഗാരുക്കളെയാണ് അശ്വിൻ പുറത്താക്കിയത്. അനിൽ കുംബ്ലെയുടെ (111 വിക്കറ്റ്) പേരിലായിരുന്നു ഇതുവരെയുള്ള റെക്കോഡ്.

Tags:    
News Summary - India vs Australia, 4th Test: Shubman Gill, Cheteshar Pujara Steer India To 129/1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.