33ാം സെഞ്ച്വറി, ഇംഗ്ലണ്ടിനെതിരെ വില്യംസൺ 'ആട്ടം'; മുന്നിൽ റൂട്ട് മാത്രം

തന്‍റെ ഇഷ്ട ഗ്രൗണ്ടിൽ കെയ്ൻ വില്യംസൺ മികച്ച ബാറ്റിങ് കാഴ്ചവെച്ചപ്പോൾ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡ് മികച്ച നിലയിൽ. 204 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ ഫോളോ ഓണിന് വിടാതെ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിക്കുകയായിരുന്നു. 35 റൺസിൽ ഒരു വിക്കറ്റ് എന്ന നിലയിൽ ആയിരിക്കെ ക്രീസിലെത്തിയ വില്യംസൺ തകർത്ത് കളിക്കുകയായിരുന്നു.

മൂന്നാം ദിനം സെഞ്ച്വറി പൂർത്തിയാക്കിയ താരം 156 റൺസ് സ്വന്തമാക്കി. 20 ഫോറും ഒരു സിക്സറും താരത്തിന്‍റെ ഇന്നിങ്സിലുണ്ടായിരുന്നു വിൽ യങ് (60). ഡാരിൽ മിച്ചൽ (60) രചിൻ രവീന്ദ്ര (44) എന്നവിർ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി. ടെസ്റ്റ് കരിയറിലെ 33ാം സെഞ്ച്വറിയാണ് താരം തികച്ചത്. നിലവിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി തികച്ച രണ്ടാമത്തെ താരമാണ് വില്യംസൺ.

36 സെഞ്ച്വറികളുള്ള ജോ റൂട്ട് മാത്രമണ് വില്യംസണ് മുന്നിലുള്ളത്. ന്യൂസിലാൻഡിന്‍റെ ഏറ്റവും വലിയ സെഞ്ച്വറി നേട്ടക്കാരനായ വില്യംസണൊപ്പം തന്നെ 33 സെഞ്ച്വറിയുമായി ആസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്തുമുണ്ട്.

186ാം ഇന്നിങ്സിലാണ് വില്യംസൺ 33 സെഞ്ച്വറി തികച്ചത്. യൂനുസ് ഖാൻ, സ്റ്റീവ് സ്മിത്ത്, കുമാർ സംഗക്കാര എന്നിവരേക്കാൾ വേഗത്തിലാണ് അദ്ദേഹം ഇത്രയും സെഞ്ച്വറി തികച്ചത്. സച്ചിൻ ടെണ്ടുൽക്കർ 183 ഇന്നിങ്സിൽ നിന്നുമാണ് ഇത്രയും നൂറടിച്ചത്. ഏറ്റവും വേഗത്തിൽ 33 സെഞ്ച്വറി തികച്ച റിക്കി പോണ്ടിങ് 178 ഇന്നിങ്സിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.

ന്യൂസിലാൻഡ് മണ്ണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി തികച്ച ബാറ്ററായ വില്യംസൺ 20ാം ശതകമാണ് ഇന്ന് സ്വന്തം നാട്ടിൽ കുറിച്ചത്. ഹാമിൽട്ടൺ മണ്ണിൽ ഏഴാം സെഞ്ച്വറിയും. ഒരു വേദിയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയടിക്കുന്ന ന്യൂസിലാൻഡ് താരമെന്ന റെക്കോഡും വില്യംസൺ സ്വന്തമാക്കി. ഇതേ ഗ്രൗണ്ടിൽ ഏഴ് സെഞ്ച്വറി തികത്ത റോസ് ടെയ്ലറിന്‍റെ റെക്കോഡാണ് വില്യംസൺ തകർത്തത്.

അതേസമയം 453 റൺസ് രണ്ടാം ഇന്നിങ്സിൽ നേടിയ ന്യൂസിലാൻഡ് ഇംഗ്ലണ്ടിന് മുന്നിൽ 657 റൺസിന്‍റെ വിജയലക്ഷ്യമാണ് വെച്ചത്. മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായി.

Tags:    
News Summary - kane williamson shattering records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.