ചെന്നൈ: മുഈൻ അലിയുടെ പന്തിൽ കുറ്റിതെറിച്ചപ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയേക്കാൾ ഞെട്ടിയത് ഇംഗ്ലണ്ട് താരങ്ങളായിരുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ പറന്നുനടന്ന ഒരു കമൻറ്. ഇന്ത്യയൊരുക്കിയ ഈ സ്പിൻ വാരിക്കുഴിയിൽ തങ്ങളെങ്ങനെ പിടിച്ചുനിൽക്കും എന്നതായിരുന്നു ഇംഗ്ലണ്ടിനെ ആശങ്കപ്പെടുത്തിയത്. ഇംഗ്ലണ്ട് ഭയന്നത് തന്നെ സംഭവിച്ചു. വെറും 134 റൺസിന് മുഴുവൻ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരും കൂടാരം കയറി. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശുഭ്മാൻ ഗില്ലിന്‍റെ വിക്കറ്റ് നഷ്ടപ്പെടുത്തി ഒരുവിക്കറ്റിന് 54 എന്ന നിലയിലാണ്. 249 റൺസിന്‍റെ ലീഡ് നിലവിൽ ഇന്ത്യക്കുണ്ട്.
അഞ്ച് വിക്കറ്റുമായി നിറഞ്ഞാടിയ രവിചന്ദ്രൻ അശ്വിനാണ് ഇംഗ്ലണ്ടിനെ സ്പിൻ വാരിക്കുഴിൽ വീഴ്ത്തുന്നതിൽ മുൻകൈയ്യെടുത്തത്. അക്സർ പേട്ടൽ രണ്ട് വിക്കറ്റെടുത്തപ്പോൾ കുൽദീപ് യാദവിന് വിക്കറ്റൊന്നും ലഭിച്ചില്ല. മുഹമ്മദ് സിറാജും ഇശാന്ത് ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കൃത്യമായ ഇടവേളകളിൽ ബൗളിങ് ചേഞ്ചുകൾ കൊണ്ടുവന്ന വിരാട് കോഹ്ലിയുടെ തീരുമാനങ്ങളെല്ലാം ശരിയായി. 42 റൺസെടുത്ത് പുറത്താകാതെ നിന്ന ബെൻഫോക്സ് മാത്രമാണ് ഇംഗ്ലീഷ് നിരയിൽ പിടിച്ചുനിന്നത്. ഉജ്ജ്വല ഫോമിലുള്ള ഇംഗ്ലീഷ് നായകൻ ജോറൂട്ട് ആറ് റൺസെടുത്ത് പുറത്തായി. 59.5 ഓവർ മാത്രമാണ് ഇംഗ്ലണ്ട് ആകെ ബാറ്റ് ചെയ്തത്.
മൂന്നാംദിനം പരമാവധി ലീഡുയർത്തി സമ്മർദ്ദത്തിലാക്കിയ ശേഷം ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കാനാകും ഇന്ത്യൻ ശ്രമം. ആറിന് 300 റൺസ് എന്നനിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ 329 റൺസിന് പുറത്തായിരുന്നു. വാലറ്റക്കാർ അേമ്പ പരാജയമായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 58റൺസുമായി ഋഷഭ് പന്ത് ഒരറ്റത്ത് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി മുഈൻ അലി നാലും ഒലി സ്റ്റോൺ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.