തീതുപ്പി ഇംഗ്ലീഷ് ബൗളർമാർ; ഇന്ത്യ 229-9

ല​ഖ്നോ: പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഇംഗ്ലണ്ടിനെതിരെ തകർന്നടിഞ്ഞ് ടീം ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റേന്തിയ രോഹിത് ശർമക്കും സംഘത്തിനും നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. നായകനൊഴിച്ചുള്ള ടോപ് ഓർഡർ ബാറ്റർമാരെല്ലാം രണ്ടക്കം പോലും കാണാതെ നിരനിരയായി കൂടാരം കയറിയതാണ് നീലപ്പടക്ക് തിരിച്ചടിയായത്. 101 പന്തുകളിൽ 10 ഫോറും മൂന്ന് സിക്‌സുമടക്കം 87 റണ്‍സെടുത്ത രോഹിത് ശർമയാണ് വലിയ തകർച്ചയിൽ നിന്ന് ടമിനെ രക്ഷിച്ചത്. സെഞ്ച്വറിയിലേക്ക് കുതിച്ച താരം ആദില്‍ റഷീദിന്റെ ഗൂഗ്ലിയില്‍ ലിയാം ലിവിങ്സ്റ്റണിന് പിടി നൽകി മടങ്ങുകയായിരുന്നു.

നാലാമത്തെ ഓവറിൽ ക്രിസ് വോക്സാണ് ഇന്ത്യക്ക് ആദ്യ തിരിച്ചടി നൽകിയത്. സ്കോർ ബോർഡിൽ 26 റൺസ് മാത്രമുള്ളപ്പോൾ ശുഭ്മാൻ ഗില്ലിനെ ഇംഗ്ലീഷ് ബൗളർ ക്ലീൻ ബൗൾഡാക്കി മടക്കി. ഒമ്പത് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ, ഡേവിഡ് വില്ലിയുടെ പന്തിൽ സ്റ്റോക്സിന് ക്യാച്ച് നൽകി സംപൂജ്യനായി കോഹ്‍ലിയും മടങ്ങി. ശ്രേയസ് അയ്യരിനും (4) ക്രീസിൽ ആയുസ് കുറവായിരുന്നു. ക്രിസ് വോക്സ് തന്നെയായിരുന്നു നാലാമനെയും മടക്കിയത്.

40 റൺസിന് മൂന്ന് വിക്കറ്റെന്ന നിലയിൽ തകർന്നടിഞ്ഞ ഇന്ത്യയെ കെ.എൽ രാഹുലും രോഹിത് ശർമയുമാണ് രക്ഷിച്ചത്. 58 പന്തുകളിൽ 39 റൺസുമായി രാഹുൽ മടങ്ങുമ്പോൾ സ്കോർ ബോർഡിൽ 131 റൺസുണ്ടായിരുന്നു. ആറാമനായ സൂര്യ കുമാർ യാദവാണ് (49) സ്കോർ 200 കടത്തിയത്.

ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ല 10 ഓവറിൽ 45 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ക്രിസ് വോക്സും ആദിൽ റഷീദും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. 

Tags:    
News Summary - India vs England Cricket World Cup 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.