ലോകകപ്പിൽ തോറ്റമ്പി നിൽക്കുന്ന മുൻ ചാമ്പ്യൻമാരെ തവിടുപൊടിയാക്കി ഇന്ത്യ. 100 റൺസിന്റെ കൂറ്റൻ തോൽവിയാണ് ജോസ് ബട്ലറും സംഘവും ഇന്ന് ലഖ്നോവിലെ സ്റ്റേഡിയത്തിൽ വഴങ്ങിയത്. ബാറ്റർമാർ വരുത്തിയ പിഴവിൽ വീഴാതിരിക്കാനായി ബൗളർമാർ ഉണർന്നുകളിച്ചതോടെ ഇന്ത്യയുടെ വിജയം എളുപ്പമാവുകയായിരുന്നു. 7 ഓവറിൽ 22 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ഇംഗ്ലീഷ് പടയുടെ നട്ടെല്ലൊടിച്ചത്. ആറ് മത്സരങ്ങളിൽ അഞ്ചും തോറ്റ ഇംഗ്ലണ്ട് സെമി കാണാതെ പുറത്താകുമെന്ന് ഉറപ്പായി.
ടോസ് നഷ്ടമായി ബാറ്റേന്തിയ രോഹിത് ശർമക്കും സംഘത്തിനും നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. നായകനൊഴിച്ചുള്ള ടോപ് ഓർഡർ ബാറ്റർമാരെല്ലാം രണ്ടക്കം പോലും കാണാതെ പുറത്തായതോടെ ഇന്ത്യ പരുങ്ങലിലാവുകയായിരുന്നു. എന്നാൽ, 101 പന്തുകളിൽ 10 ഫോറും മൂന്ന് സിക്‌സുമടക്കം 87 റണ്‍സെടുത്ത രോഹിത് ശർമ വലിയ തകർച്ചയിൽ നിന്ന് ടീമിനെ രക്ഷിച്ചു. എന്നാൽ, ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിങ് 129 റൺസിൽ അവസാനിച്ചു. സ്കോർ - ഇന്ത്യ: 229 (9 wkts, 50 Ov) / ഇംഗ്ലണ്ട്: 129 (10 wkts, 34.5 Ov)
മുൻനിര ബാറ്റർമാരെല്ലാം നിരനിരയായി മടങ്ങിയപ്പോൾ, ലിയാം ലിവിങ്സ്റ്റൺ നടത്തിയ ചെറുത്തുനിൽപ്പ് മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വാസം നൽകിയത്. 46 പന്തിൽ രണ്ട് ബൗണ്ടറികളടക്കം താരം നേടിയ 27 റൺസാണ് ടീമിന്റെ ടോപ് സ്കോർ. ജോ റൂട്ടും ബെൻ സ്റ്റോക്സും സംപൂജ്യരായാണ് മടങ്ങിയത്. 39 റൺസെടുക്കുന്നതിനിടെ ഇംഗ്ലീഷ് നിരയിലെ നാല് പേരാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവു രണ്ടും ജദേജ ഒന്നും വിക്കറ്റുകൾ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.