വാളെടുത്തവൻ വാളാൽ; തിരിച്ചടിച്ച്​ ഇംഗ്ലീഷ്​ സ്​പിന്നർമാർ

അഹ്​മദാബാദ്​: സ്​പിന്നർമാരെ ഇറക്കിയുള്ള ഇന്ത്യയുടെ ആക്രമണത്തിന്​ അതേ നാണയത്തിൽ തിരിച്ചടിച്ച്​ ഇംഗ്ലണ്ട്​. അഞ്ചുവിക്കറ്റെടുത്ത ജോ റൂട്ടിന്‍റെയും നാലുവിക്കറ്റെടുത്ത ജാക്​ ലീഷിന്‍റെയും കറങ്ങുന്ന പന്തുകൾക്ക്​ മുമ്പിൽ ഇന്ത്യൻ ബാറ്റ്​സ്​മാൻമാർ വട്ടംകറങ്ങി. ഇന്ത്യയുടെ മധ്യനിരയെയും വാലറ്റത്തെയും ചുരുട്ടിക്കൂട്ടിയ ഇംഗ്ലണ്ട്​ ഇന്ത്യയെ 145 റൺസിലൊതുക്കി. ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്​സ്​ സ്​കോറായ 112 റൺസിനെതിരെ വൻ ലീഡ്​ ​തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ നേടാനായത്​ 33 റൺസിന്‍റെ ലീഡ്​മാത്രം​ മാത്രം.

മൂന്നുവികറ്റ്​ നഷ്​ടമാക്കി രണ്ടാം ദിനം ബാറ്റിങ്​ തുടങ്ങിയ ഇന്ത്യക്ക്​ ആദ്യം നഷ്​ടമായത്​ ഏഴ്​ റൺസെടുത്ത അജിൻക്യ രഹാനെയെയാണ്​. തൊട്ടുപിന്നാലെ തലേദിവസം അനായാസകരമായി ബാറ്റുവീശിയ രോഹിത്​ ശർമയും തിരിഞ്ഞു നടന്നു. ഇരുവരെയും ജാക്ക്​ ലീഷ്​ വിക്കറ്റിന്​ മുമ്പിൽ കുടുക്കുകയായിരുന്നു.


പിച്ച്​ സ്​പിന്നർമാരെ തുണക്കുന്നതാണെന്ന്​ മനസ്സിലാക്കി പന്ത്​ കൈയ്യിലെടുത്ത ഇംഗ്ലീഷ്​ നായകൻ ജോറൂട്ടിന്‍റെ കണക്ക്​കൂട്ടൽ അക്ഷരാർഥത്തിൽ ശരിയായി. ഋഷഭ്​ പന്ത്​ (1), വാഷിങ്​ടൺ സുന്ദർ (0), അക്​സർ പ​േട്ടൽ (0), ജസ്​പ്രീത്​ ബുംറ (1) എന്നിവർ റൂട്ടിന്​ മുമ്പിൽ നിരായുധരായി മടങ്ങി. ഒരറ്റത്ത്​ പിടിച്ചുനിന്ന 17 റൺസെടുത്ത ആർ. അശ്വിനെയും റൂട്ട്​ കറക്കി വീഴ്​ത്തി. 10​ റൺസെടുത്ത ഇശാന്ത്​ ശർമ പുറത്താകാതെ നിന്നു. നൂറാംടെസ്റ്റിനിങ്ങിയ ഇശാന്തിന്‍റെ അന്താരാഷ്​ട്ര കരിയറിലെ ഏക സിക്​സറിനും സ്​റ്റേഡിയം സാക്ഷിയായി.

രണ്ടാമിന്നിങ്​സിൽ ബാറ്റിങ്ങിനിറങ്ങുന്ന ഇംഗ്ലണ്ടിനെ ചെറിയ സ്​കോറിൽ ഒതുക്കി ടെസ്റ്റ്​ വിജയത്തിലേക്ക്​ നയിക്കാനാകും ഇന്ത്യൻ ​ശ്രമം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.