സിഡ്നി: പാകിസ്താൻ നേരത്തെ ഫൈനലുറപ്പിച്ച ട്വൻറി20 ലോകകപ്പിൽ എതിരാളികളെ നിർണയിക്കുന്ന രണ്ടാം സെമിയിൽ രസംകൊല്ലിയായി മഴയെത്തുമോയെന്ന ആശങ്ക. ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിനിടെ മഴയെത്തിയേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒരു തോൽവി മാത്രം നേരിട്ട് ഗ്രൂപ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലെത്തിയിരുന്നത്. ഇന്ത്യ- പാക് ഫൈനൽ സംഭവിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് നേരത്തെ ഇംഗ്ലീഷ് നായകൻ ജോസ് ബട്ലർ പറഞ്ഞിരുന്നു.
മഴക്ക് 20 ശതമാനം സാധ്യതയാണ് പറയുന്നത്. ഇടിമിന്നലും ഉണ്ടായേക്കും. ഉച്ചക്കുശേഷം 15-20 കിലോമീറ്റർ വേഗത്തിൽ കാറ്റും വീശും.
മഴയിൽ നനഞ്ഞ മൈതാനത്ത് കളി സാധ്യമായില്ലെങ്കിൽ ഒരു ദിവസം കൂടി അനുവദിക്കും. വെള്ളിയാഴ്ച റിസർവ് ദിനമായി മാറ്റിവെച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും കളി നടന്നില്ലെങ്കിൽ ഗ്രൂപ് ചാമ്പ്യന്മാരെന്ന നിലക്ക് ഇന്ത്യ ഫൈനലിലെത്തും. ഗ്രൂപ് ഒന്നിൽ ഇംഗ്ലണ്ട് രണ്ടാമന്മാരായാണ് നോക്കൗട്ടിലെത്തിയത്.
അഡ്ലെയ്ഡ് ഓവലിലാണ് കളി. സൂപർ 12ൽ അഞ്ചിൽ നാലു കളിയും ജയിച്ച ഇന്ത്യൻ നിരയിൽ വിരാട് കോഹ്ലിയും (അഞ്ചു കളികളിൽ 246), സൂര്യകുമാറും (അഞ്ചു കളികളിൽ 225) പുറത്തെടുത്ത മാസ്മരിക ഇന്നിങ്സുകളാണ് നിർണായകമായത്. ബൗളർമാരിൽ അക്സർ പട്ടേൽ മാത്രമാണ് കംഗാരു മണ്ണിൽ കൂടുതൽ റൺസ് വിട്ടുനൽകിയത്. പകരം യുസ്വേന്ദ്ര ചഹലിന് അവസരം നൽകുമോയെന്ന് കാത്തിരുന്ന് കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.