തകർത്തടിച്ച് ബെൻ ഡക്കറ്റ്; 88 പന്തിൽ സെഞ്ച്വറി; ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു; രണ്ട് വിക്കറ്റിന് 207

രാജ്കോട്ട്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. ഓപ്പണർ ബെൻ ഡക്കറ്റിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ രണ്ടാംദിനം കളി അവസാനിപ്പിക്കുമ്പോൾ സന്ദർശകർ ഒന്നാം ഇന്നിങ്സിൽ 35 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തിട്ടുണ്ട്.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 445 റൺസിൽ അവസാനിച്ചിരുന്നു. 133 പന്തിൽ 118 റൺസുമായി ഡക്കറ്റും 13 പന്തിൽ ഒമ്പത് റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ. ബാസ്ബാൾ ശൈലിയിൽ തകർത്തടിക്കുന്ന ഡക്കറ്റ് 88 പന്തിലാണ് ടെസ്റ്റ് കരിയറിലെ മൂന്നാം സെഞ്ച്വറി തികച്ചത്. 18 ഫോറും ഒരു സിക്സുമടക്കമാണ് ഡക്കറ്റ് സെഞ്ച്വറിയിലെത്തിയത്. ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇന്ത്യൻ മണ്ണിൽ വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറിയാണ് ഡക്കറ്റിന്‍റേത്.

ഇംഗ്ലണ്ടിനു പുറത്ത് ഒരു ഇംഗ്ലിഷ് താരത്തിന്‍റെ വേഗമേറിയ മൂന്നാമത്തെ ടെസ്റ്റ് സെഞ്ച്വറിയെന്ന നേട്ടവും താരം സ്വന്തമാക്കി. 28 പന്തിൽ 15 റൺസെടുത്ത സാക് ക്രൗളിയുടെയും 55 പന്തിൽ 39 റൺസെടുത്ത ഒലീ പോപ്പിന്‍റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ടെസ്റ്റ് രണ്ടു ദിവസം പൂർത്തിയാകുമ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 445 റൺസിനേക്കാൾ 238 റൺസ് മാത്രം പിന്നിലാണ് ഇംഗ്ലണ്ട്. അശ്വിൻ എറിഞ്ഞ 14ാം ഓവറിലെ ആദ്യ പന്തിലാണ് സാക് ക്രോളി പുറത്തായത്. കൂറ്റനടിക്ക് ശ്രമിച്ച ക്രോളി ഷോട്ട് ഫൈന്‍ ലെഗില്‍ നിലയുറപ്പിച്ച രജത് പാട്ടിദാറിന്‍റെ കൈകളിലൊതുങ്ങി.

ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 500 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടവും അശ്വിൻ സ്വന്തമാക്കി. സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയെയാണ് താരം മറികടന്നത്. മുഹമ്മദ് സിറാജ് എറിഞ്ഞ 30ാം ഓവറിലെ അവസാന പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയാണ് പോപ്പ് പുറത്തായത്. അഞ്ചിന് 326 റൺസുമായാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. 119 റൺസ് കൂട്ടിചേർക്കുന്നതിനിടെ ബാക്കിയുള്ള അഞ്ചു വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി.

രവീന്ദ്ര ജദേജ (112), കുൽദീപ് യാദവ് (നാല്), ധ്രുവ് ജുറൽ (46), ആർ. അശ്വിൻ (37), ജസ്പ്രീത് ബുംറ (26) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ഇന്ത്യക്ക് നഷ്ടമായത്. ജുറ –അശ്വിൻ സഖ്യം എട്ടാം വിക്കറ്റിൽ 77 റൺസും ബുംറ–സിറാജ് സഖ്യം പത്താം വിക്കറ്റിൽ 30 റൺസും കൂട്ടിച്ചേർത്താണ് ഇന്ത്യയുടെ സ്കോർ 445ൽ എത്തിയത്. നായകൻ രോഹിത് ശർമ (131), ജദേജ (112), അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന സർഫറാസ് ഖാൻ (62), ധ്രുവ് ജുറൽ (46) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.

ഇംഗ്ലണ്ടിനായി മാർക്ക് വുഡ് 27.5 ഓവറിൽ 114 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. റെഹാൻ അഹമ്മദ് രണ്ടു വിക്കറ്റും ജയിംസ് ആൻഡേഴ്സൻ, ടോം ഹാർട്‌ലി, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Tags:    
News Summary - India vs England Test: England Reach 202/2 At Stumps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.