ഗുവാഹത്തി∙ ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യ– ഇംഗ്ലണ്ട് സന്നാഹ മത്സരം മഴ കാരണം ഉപേക്ഷിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ബി.സി.സി.ഐ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതിനു പിന്നാലെയായിരുന്നു സ്റ്റേഡിയത്തിൽ കനത്ത മഴയാരംഭിച്ചത്. മണിക്കൂറുകളോളം മഴ നീളുകയും മത്സരം ഏറെ നേരം വൈകുകയും ചെയ്തതോടെ സന്നാഹമത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
രണ്ടു മണിക്കു തുടങ്ങേണ്ട മത്സരം മഴ കാരണം മണിക്കൂറുകൾ പിന്നിട്ടിട്ടും ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഗുവാഹത്തിയിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുകയാണ്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കേണ്ട ആസ്ട്രേലിയ– നെതർലൻഡ്സ് മത്സരവും മഴ കാരണം വൈകിയിരുന്നു.
ലോകകപ്പിനു മുന്നോടിയായി രണ്ട് സന്നാഹ മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. നെതർലൻഡ്സിനെതിരെ മൂന്നാം തീയതി തിരുവനന്തപുരത്താണ് ഇന്ത്യയുടെ അടുത്ത മത്സരം. അതേസമയം, ഒക്റ്റോബർ രണ്ടിന് ബംഗ്ലാദേശുമായാണ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ സന്നാഹ മത്സരം. അതും ഗുവാഹത്തിയിലാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.