ലഖ്നോ: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യം. ആദ്യ കളിയിൽ 21 റൺസിന് ഇന്ത്യയെ കീഴടക്കിയ കിവീസിന് ഇന്നും ജയിച്ചാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാം.
റാഞ്ചിയിലെ ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ ന്യൂസിലൻഡിന്റെ സ്പിൻ ബൗളർമാർ കുരുക്കിലാക്കിയിരുന്നു. ഇഷാൻ കിഷനും ശുഭ്മൻ ഗില്ലും എളുപ്പത്തിൽ പുറത്തായതാണ് 177 റൺസ് പിന്തുടരുന്നതിൽ തുടക്കത്തിൽ തിരിച്ചടിയായത്. ഡിസംബറിൽ ബംഗ്ലാദേശിനെതിരെ ഏകദിന ഡബ്ൾ സെഞ്ച്വറി നേടിയശേഷം ഏകദിനത്തിലും ട്വന്റി20യിലും ഇഷാൻ കിഷന് തിളങ്ങാനായിട്ടില്ല. പേസർമാരായ അർഷദീപ് സിങ്ങും ഉമ്രാൻ മാലികും റൺസുകൾ ഏറെ വിട്ടുകൊടുത്തിരുന്നു.
16 റൺസാണ് ഒരു ഓവർ മാത്രം എറിഞ്ഞ ഉമ്രാൻ വിട്ടുകൊടുത്തത്. അർഷദീപിന് അവസാന ഓവറിൽ 27 റൺസാണ് കിവികൾ സമ്മാനിച്ചത്. വാഷിങ്ടൺ സുന്ദറിന്റെ ആൾറൗണ്ട് മികവ് ഇന്ത്യക്ക് ആശ്വാസമേകുന്നതാണ്. 28 പന്തിൽ 50 റൺസടിച്ച സുന്ദർ രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. സൂര്യകുമാർ യാദവും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുമാണ് ബാറ്റിങ്ങിലെ മറ്റു പ്രതീക്ഷകൾ. വൈകീട്ട് ഏഴുമണിക്ക് ലഖ്നോവിലെ ഇകാന സ്റ്റേഡിയത്തിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.