സതാംപ്ടൺ: മികച്ച സ്കോർ ലക്ഷ്യമിട്ട് ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തകർത്തെറിഞ്ഞ് ന്യൂസിലാൻഡ്. 217 റൺസെടുക്കുേമ്പാഴേക്കും ഇന്ത്യയുടെ മുഴുവൻ ബാറ്റ്സ്മാൻമാരും കൂടാരം കയറി. അഞ്ചുവിക്കറ്റെടുത്ത കൈൽ ജാമിസണാണ് ഇന്ത്യൻ ബാറ്റിങ് നിരയെ ചുരുട്ടിക്കൂട്ടുന്നതിന് ചുക്കാൻ പിടിച്ചത്. 49 റൺസെടുത്ത അജിൻക്യ രഹാനെയാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോററായത്. വിരാട് കോഹ്ലി 44ഉം രവിചന്ദ്രൻ അശ്വിൻ 22ഉം റൺസെടുത്തു.
മൂന്ന് വിക്കറ്റിന് 146 റൺസ് എന്ന നിലയിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ദിനം ആദ്യം നഷ്ടമായത് നായകൻ കോഹ്ലിയെയാണ്. ജാമിസന്‍റെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങിയാണ് കോഹ്ലി തിരികെ നടന്നത്. വൈകാതെ നാലുറൺസെടുത്ത റിഷഭ് പന്തിനെയും ജാമിസൺ മടക്കി. അർധസെഞ്ച്വറിക്ക് ഒരു റൺസകലെ വാഗ്നറുടെ പന്തിൽ ലാതമിന് പിടികൊടുത്ത് രഹാനെയും മടങ്ങിയതോടെ ഇന്ത്യൻ വിധി തീരുമാനമായിരുന്നു. പലപ്പോഴും രക്ഷക്കെത്താറുള്ള വാലറ്റവും ഇക്കുറി നിരാശപ്പെടുത്തി.
രവീന്ദ്ര ജദേജ (15), രവിചന്ദ്രൻ അശ്വിൻ (22), ഇശാന്ത് ശർമ (4), ജസ്പ്രീത് ബുംറ (0), മുഹമ്മദ് ഷമി (4 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ. നീൽ വാഗ്നർ, ട്രെന്‍റ് ബോൾട്ട് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ടിം സൗത്തി ഒരുവിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ പരമാവധി വേഗത്തിൽ ന്യൂസിലാൻഡിനെ പുറത്താക്കാനാകും ഇന്ത്യൻ ബൗളർമാരുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.