സ്വന്തം നാട്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ സ്വപ്ന തുല്യമായ കുതിപ്പാണ് ഇന്ത്യ നടത്തുന്നത്. കരുത്തരായ ന്യൂസിലൻഡിനെയും തകർത്ത് അഞ്ചാം ജയവുമായി രോഹിത് ശർമയും സംഘവും തേരോട്ടം തുടരുമ്പോൾ മികച്ച പിന്തുണയുമായി ആരാധകരും ഒപ്പമുണ്ട്. ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇന്നലെ നടന്ന ‘ഇന്ത്യ-ന്യൂസിലൻഡ് മത്സരവും’ ഒരു അപൂർവ റെക്കോർഡിനർഹമായിരിക്കുകയാണ്.
ഡിസ്നി പ്ലസ് ഹോട്സ്റ്റാർ എന്ന ഒ.ടി.ടി ആപ്പിന്റെ വെളിപ്പെടുത്തൽ പ്രകാരം, ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ മത്സരം 4.3 കോടി ആളുകളാണ് ഒരേസമയം സ്ട്രീം ചെയ്തു കണ്ടത്. ഏറ്റവും കൂടുതൽ ആളുകൾ കണ്ട ക്രിക്കറ്റ് സ്ട്രീം ആണ് കിവികൾക്കെതിരായ മത്സരമെന്ന് ഹോട്സ്റ്റാർ സാക്ഷ്യപ്പെടുത്തുന്നു.
ധർമ്മശാലയിൽ ഇന്ത്യയുടെ ഇതിഹാസ ബാറ്റർ വിരാട് കോഹ്‌ലി സെഞ്ച്വറിക്ക് അഞ്ച് റൺസകലെ മാറ്റ് ഹെന്റിയുടെ പന്തിൽ പുറത്തായി മടങ്ങുന്നത്, ആകെ 4.3 കോടിയാളുകളാണ് ഹോട്സ്റ്റാറിൽ തത്സമയം കണ്ടത്. - ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും നേടിയ ഏറ്റവും ഉയർന്ന പരമാവധി കൺകറൻസി നമ്പറായിരുന്നു അതെന്ന് ഹോട്സ്റ്റാർ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ - പാകിസ്താൻ മത്സരത്തിൽ നേടിയ 3.5 കോടി കാഴ്ചക്കാർ എന്ന റെക്കോർഡാണ് മറികടന്നത്.
പുതിയ റെക്കോർഡ് വ്യൂവർഷിപ്പ് കുറിച്ചതിന്റെ ആവേശം പങ്കുവെച്ച ഡിസ്നി + ഹോട്ട്സ്റ്റാർ തലവൻ സജിത്ത് ശിവാനന്ദൻ ആരാധകരോട് നന്ദിയറിയിക്കുകയും ചെയ്തു. "ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആവേശകരമായ ഗെയിമിനായി ഡിസ്നി + ഹോട്ട്‌സ്റ്റാറിലേക്ക് ഒഴുകിയെത്തിയ ഉപയോക്താക്കൾക്ക് നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഒപ്പം ഒരേസമയം ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ ഒരു തത്സമയ സ്ട്രീമിങ് ഇവന്റ് എന്ന ലോക റെക്കോർഡ് കുറിക്കാൻ ഞങ്ങളെ സഹായിച്ചതിനും നന്ദി’’. -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ സെഞ്ച്വറിയടിച്ച് വിജയനായകനായ കോഹ്‍ലി ഒരിക്കൽ കൂടി രക്ഷകന്റെ ദൗത്യം ഏറ്റെടുത്തതോടെയാണ് ന്യൂസിലാൻഡിനെതിരെ ഇന്ത്യ നാലുവിക്കറ്റിന്റെ തകർപ്പൻ ജയം നേടിയത്. കിവീസ് മുന്നോട്ടുവെച്ച 274 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 12 പന്ത് ശേഷിക്കെയായിരുന്നു വിജയം പിടിച്ചത്. 104 പന്തിൽ രണ്ട് സിക്സും എട്ട് ഫോറുമടക്കം 95 റൺസാണ് കോഹ്‍ലി നേടിയത്. സെഞ്ച്വറി തികച്ചിരുന്നെങ്കില്‍ കോഹ്‍ലിക്ക് ഏകദിന ശതക നേട്ടത്തില്‍ ഇതിഹാസ താരം സചിൻ തെണ്ടുൽകറുടെ (49) റെക്കോഡിനൊപ്പമെത്താമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.