പെർത്ത്: കണക്കിൽ മുൻതൂക്കം ഇന്ത്യക്കുണ്ട്. പക്ഷേ, സമീപകാലം നോക്കുമ്പോൾ അത്ര ആശക്ക് വക നൽകുന്നതല്ല അനുഭവങ്ങൾ. വിഖ്യാതമായ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ വെള്ളിയാഴ്ച മുതൽ ഏറ്റുമുട്ടാനിറങ്ങുന്നത് ലോക ഒന്നാം നമ്പറുകാരായ ആസ്ട്രേലിയയോടാണ്.
കളി നടക്കുന്നത് കംഗാരു മണ്ണിൽ കൂടിയായതിനാൽ ഓസീസിന് കളത്തിൽ മാത്രമല്ല, മാനസിക കരുത്തും കൂടും. പക്ഷേ, ആസ്ട്രേലിയയിൽ അവരെ പലവട്ടം മലർത്തിയടിച്ചതിന്റെ ചരിത്രം ഇന്ത്യക്ക് പറയാനുണ്ട്. ന്യൂസിലൻഡിനെതിരെ സ്വന്തം മണ്ണിലെ വൻ തോൽവി ഇന്ത്യക്ക് ഏൽപിച്ച മുറിവും ചെറുതല്ല.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ കൂടി തേടിയാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ കളി പെർത്ത് ഗ്രൗണ്ടിൽ ജസ്പ്രീത് ബുംറയും സംഘവും തുടങ്ങുന്നത്. പാറ്റ് കമ്മിൻസ് നയിക്കുന്ന സംഘത്തിന് ഒറ്റ ലക്ഷ്യമേയുള്ളൂ. പതിറ്റാണ്ട് മുമ്പ് ബോർഡർ-ഗവാസ്കർ ട്രോഫി അവസാനമായി ഏറ്റുവാങ്ങിയതാണ്. അതിനിയും വിട്ടുകൊടുക്കുക വയ്യ. ഇന്ത്യൻ സമയം രാവിലെ 7.50ന് മത്സരം തുടങ്ങും.
നാട്ടിലുള്ള രോഹിത് ശർമയും പരിക്കേറ്റ് ശുഭ്മൻ ഗില്ലും ഇന്ത്യക്കായി ഒന്നാം ടെസ്റ്റിൽ കളിക്കില്ലെങ്കിലും ശക്തമായ ബാറ്റിങ് നിര തന്നെയുണ്ട്. രോഹിത്തില്ലാത്തതിനാൽ യശസ്വി ജയ്സ്വാളിനൊപ്പം കെ.എൽ. രാഹുൽ ഓപണറാവാനാണ് സാധ്യത. മൂന്നാമനായി ഇറക്കാൻ പരിഗണിക്കുന്നവരിൽ മുൻനിരയിലുള്ളത് മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കലിന്റെ പേരാണ്. പിന്നെ വിരാട് കോഹ്ലിയും ഋഷഭ് പന്തും. ഋഷഭിനെപ്പോലെ വിക്കറ്റ് കീപ്പർ ബാറ്ററായ ധ്രുവ് ജുറെലിനെയും ആദ്യ ഇലവനിൽ കൊണ്ടുവന്നാൽ അത്ഭുതപ്പെടാനില്ല. സ്പിൻ ഓൾ റൗണ്ടറായ രവീന്ദ്ര ജദേജക്ക് ശക്തമായ ഭീഷണി ഉയർത്തി നിതീഷ് കുമാർ റെഡ്ഡി രംഗത്തുണ്ട്.
പേസ് ബൗളിങ് ഓൾ റൗണ്ടറാണ് റെഡ്ഡി. വാകയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒരു സ്പിന്നർ മതിയെന്ന് തീരുമാനിച്ചാൽ രവിചന്ദ്രൻ അശ്വിനിലൊതുങ്ങും. ബുംറയും മുഹമ്മദ് സിറാജും പേസ് ബൗളിങ് നയിക്കും. മൂന്നാം പേസറായി പ്രഥമ പരിഗണന ആകാശ്ദീപിന് തന്നെ. ബാറ്റർമാരായ അഭിമന്യൂ ഈശ്വരൻ, സർഫറാസ് ഖാൻ, സ്പിൻ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദർ, പേസർമാരായ പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ എന്നിവരുണ്ട്. പ്രതിഭകളാൽ സമ്പന്നമാണ് ഓസീസും. ബാറ്റർമാരായ ഉസ്മാൻ ഖാജ, മാർനസ് ലബൂഷാൻ, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, അലക്സ് കാരി, ഓൾ റൗണ്ടർ മിച്ചൽ മാർഷ്, പേസർമാരായ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹേസിൽ വുഡ്, സ്പിന്നർ നതാൻ ലിയോൺ എല്ലാവരും ഒന്നിനൊന്ന് മെച്ചം.
സ്വാതന്ത്ര്യത്തിനു ശേഷം 107 തവണയാണ് ഇന്ത്യ ആസ്ട്രേലിയയുമായി ടെസ്റ്റിൽ ഏറ്റുമുട്ടിയത്. 45ൽ ഓസീസും 32ൽ ഇന്ത്യയും ജയിച്ചപ്പോൾ 29 എണ്ണം സമനിലയിലും ഒന്ന് ടൈയിലും കലാശിച്ചു. ഇന്ത്യ ജയിച്ച 32ൽ 24ഉം 1996-97ൽ ആരംഭിച്ച ബോർഡർ-ഗവാസ്കർ ട്രോഫിയിലാണ്. 2014-15ലാണ് ആസ്ട്രേലിയ അവസാനമായി ഈ പരമ്പര നേടിയത്. തുടർന്ന് നാല് തവണ ഇന്ത്യക്കായിരുന്നു കിരീടം. ഇതിൽ രണ്ടെണ്ണം സ്വന്തമാക്കിയത് ആസ്ട്രേലിയയിൽ വെച്ചാണ്.
ഇന്ത്യ: ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ദേവ്ദത്ത് പടിക്കൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, ധ്രുവ് ജുറെൽ, രവിചന്ദ്രൻ അശ്വിൻ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജദേജ, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അഭിമന്യു ഈശ്വരൻ, വാഷിങ്ടൺ സുന്ദർ.
ആസ്ട്രേലിയ: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), നഥാൻ മക്സ്വീനി, ഉസ്മാൻ ഖ്വാജ, മർനസ് ലബൂഷാൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് കാരി, മിച്ചൽ സ്റ്റാർക്, നഥാൻ ലിയോൺ, ജോഷ് ഹേസിൽവുഡ്, സ്കോട്ട് ബോളണ്ട്, ജോഷ് ഇംഗ്ലിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.