കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്‍റി 20 മത്സരത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. വിൻഡീസ് കുറിച്ച 158 റൺസ് വിജയലക്ഷ്യം ഇന്ത്യ ഏഴു പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. സ്കോർ: വെസ്റ്റിൻഡീസ് 20 ഓവറിൽ ഏഴു വിക്കറ്റിന് 157. ഇന്ത്യ: 18.5 ഓവറിൽ നാലു വിക്കറ്റിന് 162.
19 പന്തിൽ മൂന്ന് സിക്സും നാലു ഫോറുമടക്കം 40 റൺസെടുത്ത നായകൻ രോഹിത് ശർമ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഇഷാൻ കിഷനൊപ്പം ഓപ്പണിങ് വിക്കറ്റിൽ 64 റൺസ് ചേർത്ത ശേഷമാണ് രോഹിത് പുറത്തായത്.
പിന്നാലെ 42 പന്തിൽ 35 റൺസോടെ ഇഷാൻ കിഷനും 13 പന്തിൽ 17 റൺസുമായി വീരാട് കോഹ്ലിയും മടങ്ങി. ഋഷഭ് പന്ത് എട്ട് റൺസെടുത്ത് പുറത്തായി. സൂര്യകുമാർ യാദവ് 18 പന്തിൽ 34 റൺസും വെങ്കടേഷ് അയ്യർ 13 പന്തിൽ 24 റൺസുമെടുത്ത് പുറത്താകാതെ നിന്നു. വെസ്റ്റിൻഡീസിനു വേണ്ടി റോസ്റ്റൻ ചേസ് രണ്ടു വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 157 റൺസെടുത്തത്. നിക്കോളസ് പുരാൻ (43 പന്തിൽ 61 റൺസ്), കൈൽ മയേഴ്സ് (24 പന്തിൽ 31 റൺസ്), നായകൻ കീരൺ പൊള്ളാർഡ് (19 പന്തിൽ 24) എന്നിവരുടെ പ്രകടനമാണ് സന്ദർശകരുടെ സ്കോർ 150 കടത്തിയത്.
ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന രവി ബിഷ്ണോയ്, ഹർഷൽ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം നേടി. ഭുവനേശ്വർ കുമാർ, ദീപക് ചഹർ, യുസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.