കൊൽക്കത്ത: ഏകദിന പരമ്പര തൂത്തുവാരിയ രോഹിത് ശർമയും കൂട്ടരും വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയും ചാക്കിലാക്കാനുള്ള ഒരുക്കത്തിലാണ്. ഈഡൻ ഗാർഡൻസിന്റെ നടുമുറ്റത്ത് രണ്ടാം കളിക്കിറങ്ങുമ്പോൾ പരമ്പരതന്നെയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ആദ്യ കളിയിൽ ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യക്ക് വെള്ളിയാഴ്ച ജയിക്കാനായാൽ അവസാന മത്സരത്തിനുമുമ്പുതന്നെ ട്രോഫിയുറപ്പിക്കാം.
നായകൻ രോഹിതിന്റെ നേതൃത്വത്തിലുള്ള ബാറ്റിങ് യൂനിറ്റിന്റെ ഫോമും ബൗളിങ് നിരയുടെ മികവും ഇന്ത്യക്ക് മുൻതൂക്കം നൽകുന്നുണ്ട്. മുൻ നായകൻ വിരാട് കോഹ്ലിയുടെ മോശം ഫോം മാത്രമാണ് ഇന്ത്യയെ അലട്ടുന്നത്. ഏകദിന, ട്വന്റി20 പരമ്പരകളിലായി 8, 18, 0, 17 എന്നിങ്ങനെയാണ് കോഹ്ലിയുടെ സ്കോർ. കോഹ്ലിക്കുപുറമെ ഇഷാൻ കിഷനും ഋഷഭ് പന്തും സ്കോർ ചെയ്യാൻ വിഷമിച്ചപ്പോൾ സൂര്യകുമാർ യാദവിന്റെയും വെങ്കിടേഷ് അയ്യരുടെയും അനായാസ ബാറ്റിങ്ങാണ് ആദ്യ കളിയിൽ ഇന്ത്യക്ക് ജയം എളുപ്പമാക്കിയത്. മുൻനിരയിൽ രോഹിതിന്റെ വെടിക്കെട്ടും തുണയായി.
നായകൻ കീറൺ പൊള്ളാർഡിനെയും ഉപനായകൻ നികോളാസ് പുരാനെയും അമിതമായി ആശ്രയിക്കുന്നതാണ് വിൻഡീസിന്റെ പ്രശ്നം. തങ്ങളുടെ ഇഷ്ട ഫോർമാറ്റായ ട്വന്റി20യിൽ ഫോം കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് കരീബിയൻ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.