ടോസ് നേടിയ ഇന്ത്യ സിംബാബ്‍വെയെ ബാറ്റിങ്ങിനു വിട്ടു; തുഷാർ ദേഷ്പാണ്ഡെക്ക് അരങ്ങേറ്റം

ഹരാരെ: നാലാം ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ സിംബാബ്‍വെയെ ബാറ്റിങ്ങിനു വിട്ടു. നായകൻ ശുഭ്മൻ ഗിൽ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

പേസർ തുഷാർ ദേഷ്പാണ്ഡെ ട്വന്റി20യിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കും. ഐ.പി.എല്ലിൽ‌ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ്. മൂന്നിൽ രണ്ടെണ്ണം ജയിച്ച ഇന്ത്യ ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോൽവി പാഠമാക്കി തുടർന്നുള്ള രണ്ടിലും ഗംഭീര പ്രകടനമാണ് ഇന്ത്യൻ യുവതാരങ്ങൾ തുടരുന്നത്. രണ്ടുകളിയിലും മോശം പ്രകടനവുമായി നിറംമങ്ങിയ ഗില്ലിന്റെ തിരിച്ചുവരവ് ശുഭപ്രതീക്ഷയാണ്. സെഞ്ചൂറിയൻ അഭിഷേക് ശർമയുടെ വെടിക്കെട്ടും ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന്റെ സ്ഥിരതയും ടീമിന് കരുത്ത് നൽകും.

എതിരാളികളെ വാഴാൻ വിടാത്ത മികച്ച ബൗളിങ് നിരയും കഴിഞ്ഞ രണ്ടുകളിക്കുശേഷം ഇന്ത്യ ടീമിനൊപ്പം ചേർന്ന വിക്കറ്റ് കീപ്പർ മലയാളിയായ ബാറ്റർ സഞ്ജു സാംസണിന്റെ സാന്നിധ്യവും വളരെയെളുപ്പത്തിൽ പരമ്പര പിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. വിരമിക്കൽ പ്രഖ്യാപിച്ച എക്കാലത്തെയും മികച്ച ഓൾറൗണ്ടർ രവീന്ദ്ര ജദേജയുടെ ഒഴിവ് നികത്തുന്ന പകരക്കാരനായാണ് വാഷിങ്ടൺ സുന്ദറിനെ ഇന്ത്യ കാണുന്നത്.

അത് ശരിവെക്കുന്ന പ്രകടനമാണ് മത്സരങ്ങളിലുടനീളം കാഴ്ചവെക്കുന്നതും. കഴിഞ്ഞ മത്സരത്തിൽ ടീമിനൊപ്പം ചേർന്ന സഞ്ജു അഞ്ചാമനായിട്ടാണ് ഇറങ്ങിയത്. പുറത്താകാതെ 7 പന്തിൽ 12 റൺസാണ് നേട്ടം. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ വിലപ്പെട്ട പ്രകടനവുമായി ഭാവി ടീമിൽ സ്ഥിരസാന്നിധ്യങ്ങളാകാനുള്ള അവസരമാണ് ദുബെക്കും സാംസണിനും. തുടർമത്സരത്തിലും ഗൂഗ്ളി സ്പെഷലിസ്റ്റ് രവി ബിഷ്ണോയിയെ നിലനിർത്തിയേക്കും.

ടീം ഇന്ത്യ: യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), അഭിഷേക് ശർമ, ഋതുരാജ് ഗെയ്ക്‌‍വാദ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, തുഷാർ ദേഷ്പാണ്ഡെ, രവി ബിഷ്ണോയി, ഖലീൽ അഹമ്മദ്.

ടീം സിംബാബ്‍വെ: വെസ്‍ലി മാഥവരെ, റ്റഡിവനാഷെ മരുമനി, ബ്രയാൻ ബെന്നറ്റ്, ഡയൺ മയർസ്, സിക്കന്ദർ റാസ (ക്യാപ്റ്റൻ), ജൊനാതൻ കാംബെൽ, ഫറസ് അക്രം, ക്ലിവ് മദന്ദെ (വിക്കറ്റ് കീപ്പര്‍), റിച്ചഡ് എൻഗരാവ, ബ്ലെസിങ് മുസരബനി, റ്റെൻഡായി ചറ്റാര.

Tags:    
News Summary - India vs Zimbabwe 4th T20: Shubman Gill Opts To Bowl vs Zimbabwe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.