ഹരാരെ: ഇന്ത്യ-സിംബാബ്വെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ഹരാരെയിൽ. മൂന്നിൽ രണ്ടെണ്ണം വിജയിച്ച് ഇന്ത്യയാണ് മുന്നിൽ (2-1). ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോൽവി പാഠമാക്കി തുടർന്നുള്ള രണ്ടിലും ഗംഭീര പ്രകടനമാണ് ഇന്ത്യൻ യുവതാരങ്ങൾ തുടരുന്നത്. രണ്ടുകളിയിലും മോശം പ്രകടനവുമായി നിറംമങ്ങിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ തിരിച്ചുവരവ് ശുഭപ്രതീക്ഷയാണ്. സെഞ്ചൂറിയൻ അഭിഷേക് ശർമയുടെ വെടിക്കെട്ടും ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന്റെ സ്ഥിരതയും ടീമിന് കരുത്ത് നൽകും.
എതിരാളികളെ വാഴാൻ വിടാത്ത മികച്ച ബൗളിങ് നിരയും കഴിഞ്ഞ രണ്ടുകളിക്കുശേഷം ഇന്ത്യ ടീമിനൊപ്പം ചേർന്ന വിക്കറ്റ് കീപ്പർ മലയാളിയായ ബാറ്റർ സഞ്ജു സാംസണിന്റെ സാന്നിധ്യവും വളരെയെളുപ്പത്തിൽ പരമ്പര പിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. വിരമിക്കൽ പ്രഖ്യാപിച്ച എക്കാലത്തെയും മികച്ച ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഒഴിവ് നികത്തുന്ന പകരക്കാരനായാണ് വാഷിങ്ടൺ സുന്ദറിനെ ഇന്ത്യ കാണുന്നത്. അത് ശരിവെക്കുന്ന പ്രകടനമാണ് മത്സരങ്ങളിലുടനീളം കാഴ്ചവെക്കുന്നതും.
ദിവസങ്ങൾക്കിടെയെത്തുന്ന ശ്രീലങ്ക ടൂറിലേക്ക് വാഷിങ്ടൺ സുന്ദർ ഇടം പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പവർപ്ലേയിൽതന്നെ അകത്തേക്കും പുറത്തേക്കും ഒരുപോലെ പന്തെറിയാനുള്ള കഴിവാണ് ഈ 24കാരന്റെ പ്രത്യേകത. രോഹിത് ശർമയും വിരാട് കോഹ്ലിയും ട്വന്റി20യിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ അഭിഷേക് ശർമക്കും യശസ്വി ജയ്സ്വാളിനും മുൻനിര സ്ഥാനങ്ങളിലേക്ക് പരിഗണനയിലുണ്ട്.
അതിവേഗ ക്രിക്കറ്റിൽ ലോകകിരീടം നേടിയ ടീമിലെ താരങ്ങളായ ശിവം ദുബെയും സഞ്ജു സാംസണും സിംബാബ്വെ പരമ്പരയിൽ കാര്യമായ നേട്ടമൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ ടീമിനൊപ്പം ചേർന്ന സഞ്ജു അഞ്ചാമനായിട്ടാണ് ഇറങ്ങിയത്. പുറത്താകാതെ 7 പന്തിൽ 12 റൺസാണ് നേട്ടം. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ വിലപ്പെട്ട പ്രകടനവുമായി ഭാവി ടീമിൽ സ്ഥിരസാന്നിധ്യങ്ങളാകാനുള്ള അവസരമാണ് ദുബെക്കും സാംസണിനും. തുടർമത്സരത്തിലും ഗൂഗ്ളി സ്പെഷലിസ്റ്റ് രവി ബിഷ്ണോയിയെ നിലനിർത്തിയേക്കും. ഇതുവരെ ആറുവിക്കറ്റാണ് ഈ ഇടംകൈയൻ ബൗളറുടെ നേട്ടം. ആവേശ് ഖാനുപകരം മുകേഷ് കുമാർ ആദ്യ സ്പെൽ എറിയാനാണ് സാധ്യത.
അതേസമയം, ആദ്യമത്സരത്തിൽ ഇന്ത്യൻ യുവതാരങ്ങളെ അവിശ്വസനീമായ രീതിയിൽ അട്ടിമറിച്ച അതേകളി പുറത്തെടുത്ത് ബാക്കിയുള്ള രണ്ടുമത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള തയാറെടുപ്പുമായിട്ടാകും സിക്കന്ദർ റാസയുടെ സിംബാബ്വെ ഇറങ്ങുക. മുൻനിര ബൗളർ മുസാറബാനിയുടെയും കഴിഞ്ഞ മത്സരത്തിൽ ഡിയോൺ മിയേഴ്സ് നേടിയ അർധശതകവും ടീമിന് ആത്മവിശ്വാസം കൂട്ടും. ഇന്ത്യൻ നിരയിലെ എല്ലാവരും മികച്ച ഫോമിലുള്ളത് മാത്രമാണ് സിംബാബ്വെക്കുള്ള ഭീഷണി. മത്സരം ഇന്ത്യൻ സമയം വൈകീട്ട് 4.30ന് സോണി ലൈവ് ആപിൽ തത്സമയ സംപ്രേഷണം.
സാധ്യത ടീം ഇന്ത്യ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശർമ, റിങ്കു സിങ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, റിയാൻ പരാഗ്, വാഷിങ്ടൺ സുന്ദർ രവി ബിഷ്ണോയ്, ആവേശ് ഖാൻ, ഖലീൽ അഹ്മദ്, മുകേഷ് കുമാർ, തുഷാർ ദേഷ്പാണ്ഡെ.
സിംബാബ്വെ: സിക്കന്ദർ റാസ (ക്യാപ്റ്റൻ), അക്രം ഫറസ്, ബെനറ്റ് ബ്രയാൻ, കാംപബെൽ ജോനാഥൻ, ചതര ടെൻഡായ്, ജോങ്വെ ലൂക്, കയ ഇന്നസന്റ്, മഡന്റെ ക്ലൈവ്, മധെവേരെ വെസ്ലി, മറുമണി ടാഡിവാനഷെ, മസകഡ്സ വെല്ലിങ്ടൺ, മവുത ബ്രാൻഡൺ, മുസറബനി ബ്ലെസിങ്, മയേഴ്സ് ഡിയോൺ, നഖ്വി ആന്റം, എൻഗാരവ റിച്ചാർഡ്, ശുംഭ മിൽട്ടൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.