യുവനിര സൂപ്പറാ...!; ഓസീസിനെതിരെ ഇന്ത്യക്ക് പരമ്പര; നാലാം ട്വന്റി 20യിൽ 20 റൺസ് ജയം (3-1)

റാ​യ്പു​ർ: ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. റാ​യ്പു​രിൽ നടന്ന നാലാം മത്സരത്തിൽ 20 റൺസിനാണ് ആതിഥേയരുടെ ജയം. ഇതോടെ ഒരു മത്സരം ബാക്കി നിൽക്കെ തന്നെ ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കുകയായിരുന്നു. ഇന്ത്യ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ആസ്ട്രേലിയക്ക് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് വേണ്ടി അക്സർ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നിർണായകമായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണെടുത്തത്. 29 പന്തിൽ നിന്ന് 46 റൺസെടുത്ത റിങ്കുസിങ് ആണ് ടോപ് സ്കോറർ. ഓപണർമാരായ യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്കവാദും മികച്ച തുടക്കമാണ് നൽകിയത്.

ആക്രമണ മൂഡിലായിരുന്ന ജയസ്വാൾ (37) ആരോൺ ഹാർഡിയെ ഉയർത്തിയടിക്കാനുള്ള ശ്രമം മക്‌ഡെര്‍മോട്ടിന്റെ കൈകളിലെത്തുകയായിരുന്നു. ലോകകപ്പിന് ശേഷം വിശ്രമം കഴിഞ്ഞ് ടീമിൽ തിരിച്ചെത്തിയ ശ്രേയസ് അയ്യർ (8) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. തുടർന്നെത്തിയ നായകൻ സൂര്യകുമാർ യാദവും (1) നിലയുറപ്പിക്കും മുൻപെ മടങ്ങി.

വിക്കറ്റ് കൊഴിയുമ്പോഴും ഒരറ്റത് പിടിച്ച് നിന്ന ഗെയ്കവാദാണ് റിങ്കു സിങ്ങിനെ കൂട്ടുനിർത്തി സ്കോർ 100 കടത്തിയത്. സ്കോർ 111 ൽ നിൽക്കെ 32 റൺസെടുത്ത ഗെയ്കവാദും മടങ്ങിയതോടെ ടീം പ്രതിരോധത്തിലായി. തുടർന്ന് ക്രീസിലെത്തിയ ജിതേഷ് ശർമ (35) റിങ്കു സിങ്ങിന് മികച്ച പിന്തുണ നൽകിയതോടെയാണ് സ്കോർ പൊരുതാവുന്ന നിലയിലേക്ക് എത്തിയത്. ജിതേഷ് ശർമക്ക് പിന്നാലെ അക്സർ പട്ടേൽ (0) റൺസൊന്നും എടുക്കാതെ മടങ്ങി. അവസാന ഓവറിൽ അർധ സെഞ്ച്വറിക്ക് നാല് റൺസ് അകലെ റിങ്കുസിങ്ങും (46) വീണു. അകൗണ്ട് തുറക്കും മുൻപെ ദീപക് ചഹാറും മടങ്ങി. രവി ബിഷ്‌ണോയ് (4) ഇന്നിങ്സിലെ അവസാന പന്തിൽ റണ്ണൗട്ടായി. അവേഷ് ഖാൻ ഒരു റൺസെടുത്ത് പുറത്താകാതെ നിന്നു.

ആസ്ട്രേലിയക്ക് വേണ്ടി ബെന്‍ ഡ്വാര്‍ഷിസ് മൂന്നും തൻവീൻ സാങ്ക, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് വേണ്ടി ഓപണർ ട്രാവിസ് ഹെഡ് (31) തകർത്തടിച്ച് തുടങ്ങിയെങ്കിലും തുടരെ തുടരെ വിക്കറ്റെടുത്ത് അക്സർ പട്ടേൽ ഒസീസിന്റെ മുനയൊടിച്ചു. പുറത്താകാതെ 36 റൺസെടുത്ത നായകൻ മാത്യു വെയ്ഡാണ് ടോപ് സ്കോറർ. 19 റൺസെടുത്ത ബെന്‍ മക്‌ഡെര്‍മോട്ടും 22 റൺസെടുത്ത മാത്യു ഷോർട്ടും മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. ഇന്ത്യക്ക് വേണ്ടി അക്സർ പട്ടേൽ മൂന്നും ദീപക് ചഹാർ രണ്ടും ആവേഷ് ഖാൻ, രവി ബിഷ്ണോയി എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. 

Tags:    
News Summary - India won by 20 runs in the Twenty20 match against Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.