നാഗ്പുർ: മഴയിൽ ഗ്രൗണ്ട് ഉണങ്ങാത്തതിനാൽ വൈകി തുടങ്ങിയ രണ്ടാം ട്വന്റി20 ക്രിക്കറ്റിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് നാല് പന്ത് ശേഷിക്കെ ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. എട്ടോവർ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് വിക്കറ്റിന് 90 റൺസെടുത്ത ഓസീസിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൂറ്റനടികളിലൂടെ ജയം പിടിച്ചെടുക്കുകയായിരുന്നു.
ആദ്യ ഓവർ മുതൽ രോഹിത് ടോപ് ഗിയറിലായിരുന്നു. മറുതലക്കൽ താളം കിട്ടാതിരുന്ന കെ.എൽ. രാഹുലിന്റെ വിക്കറ്റ് മൂന്നാം ഓവറിൽ നഷ്ടമായി. ആറുപന്തിൽ 11 റൺസെടുത്ത വിരാട് കോഹ്‍ലിയുടെ വിക്കറ്റും നഷ്ടമായി. പിന്നാലെ വന്ന സൂര്യകുമാർ യാദവ് റൺസൊന്നും എടുക്കാതെ മടങ്ങിയതോടെ നീലപ്പടയുടെ സമ്മർദ്ദം കൂടി. അതേസമയം, ഒരറ്റത്ത് പതറാതെ പൊരുതിയ രോഹിത് 20 പന്തിൽ 46 റൺസെടുത്ത് ജയം ഇന്ത്യയുടേതാക്കി. രണ്ട് പന്തിൽ പുറത്താകാതെ പത്തു റൺസെടുത്ത് ദിനേശ് കാർത്തിക് ഫിനിഷിങ് ഗംഭീരമാക്കി. നാഗ്പുർ ജംതയിലെ വി.സി.എ സ്റ്റേഡിയത്തിൽ ഏഴുമണിക്ക് തുടങ്ങേണ്ടിയിരുന്ന മത്സരം 9.30നാണ് തുടങ്ങിയത്. എട്ടോവറിൽ 20 പന്തിൽ പുറത്താകാതെ 43 റൺസ് നേടിയ മാത്യു വെയ്ഡാണ് ആസ്ട്രേലിയയുടെ ടോപ്സ്കോറർ. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 31 റൺസെടുത്തു. അക്സർ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിൽ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് രണ്ട് ഫോറുകൾ നേടി. എന്നാൽ, രണ്ടാം ഓവറിൽ വിരാട് കോഹ്‍ലിയുടെ മിന്നൽ ഫീൽഡിങ്ങിൽ കാമറോൺ ഗ്രീൻ (അഞ്ച്) പുറത്തായി. അക്സർ പട്ടേൽ എറിഞ്ഞ ഇതേ ഓവറിലെ അവസാന പന്തിൽ ഗ്ലെൻ മാക്സ്വെല്ലിന്റെ (പൂജ്യം) കുറ്റിതെറിച്ചു. നാലാം ഓവറിൽ അക്സർ പട്ടേൽ വീണ്ടും അന്തകനായി. ടിം ഡേവിഡിന്റെ (രണ്ട്) മിഡിൽസ്റ്റംപാണ് തെറിച്ചത്. ടീമിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുംറക്കാണ് ഫിഞ്ചിന്റെ വിക്കറ്റ്. ആതിഥേയർക്കായി ഉമേഷ് യാദവിന് പകരം ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറിന് പകരം വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഇറങ്ങി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച ഹൈദരാബാദിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.