മെൽബൺ: ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് ഒരേസമയം ആശ്വാസവും തിരിച്ചടിയും. കഴിഞ്ഞദിവസം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാദത്തിലകപ്പെട്ട താരങ്ങളടക്കം ഇന്ത്യൻ ടീമും സ്റ്റാഫ് അംഗങ്ങളും കോവിഡ് നെഗറ്റീവാണെന്ന ഫലം വന്നു. ഞായറാഴ്ചയാണ് ഇവരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയത്. അതേമസയം, പരിശീലനത്തിനിടെ പരിക്കേറ്റ ബാറ്റ്സ്മാൻ കെ.എൽ. രാഹുൽ ടീമിൽനിന്ന് പുറത്തായി.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ശനിയാഴ്ച നടന്ന പരിശീലന വേളയിൽ ഇടത് കൈത്തണ്ടക്ക് പരിക്കേറ്റതാണ് താരത്തിന് വിനയായത്. ബോർഡർ-ഗവാസ്കർ ട്രോഫിയുടെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലും താരം ഉണ്ടാകില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു. പൂർണമായും സുഖംപ്രാപിക്കാൻ അദ്ദേഹത്തിന് മൂന്നാഴ്ച സമയം ആവശ്യമാണ്. രാഹുൽ ഉടൻ തന്നെ ഇന്ത്യയിലേക്ക് മടങ്ങും. അതേസമയം, കഴിഞ്ഞ രണ്ട് ടെസ്റ്റിലും രാഹുൽ ടീമിൽ ഇടംപിടിച്ചിരുന്നില്ല.
രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, പൃഥ്വി ഷാ, റിഷഭ് പന്ത്, നവ്ദീപ് സൈനി എന്നിവർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒരുവേള മത്സരം തന്നെ ഉപേക്ഷിക്കുമെന്ന അവസ്ഥയിലെത്തി. ഇതിനിടയിലാണ് കോവിഡ് ഫലം പുറത്തുവരുന്നത്.
ആസ്ട്രേലിയൻ പര്യടനത്തിനിടെ കറങ്ങാനിറങ്ങിയ താരങ്ങൾ മെൽബണിലെ ഒരു െറസ്റ്ററന്‍റിൽ വെച്ച് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച സംഭവം പുറത്തുവരുന്നത് ഒരു ആരാധകൻ പകർത്തിയ വിഡിയോയിലൂടെയായിരുന്നു. നാല് ടെസ്റ്റുകളടങ്ങിയ പരമ്പര നിലവിൽ 1-1 എന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.