ദർബൻ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ദർബനിലെത്തി. ആസ്ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിൽ യുവനിരയെ വെച്ച് 4-1ന്റെ തകർപ്പൻ ജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലെത്തിയത്. സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, റിങ്കു സിങ്, മുഹമ്മദ് സിറാജ്, ഇഷാൻ കിഷൻ, അർഷ്ദീപ് സിങ് എന്നിവരുൾപ്പെടുന്ന ഇന്ത്യൻ സംഘത്തിന് ദക്ഷിണാഫ്രിക്കയിൽ ലഭിച്ച സ്വീകരണത്തിന്റെ വിഡിയോ ബി.സി.സി.ഐ എക്സിൽ പങ്കുവെച്ചു. ഇന്ത്യൻ താരങ്ങളെ ‘വരവേൽക്കാൻ’ കനത്ത മഴയും എത്തിയിരുന്നു. മഴയിൽനിന്ന് രക്ഷനേടാൻ ഇന്ത്യൻ താരങ്ങൾ തങ്ങളുടെ ട്രോളി ബാഗുകൾ തലയിൽ വെച്ച് ബസിലേക്ക് ഓടുന്നതും വിഡിയോയിലുണ്ട്.
മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയോടെ ഞായറാഴ്ചയാണ് പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. ഇതിന് പുറമെ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റും ഇന്ത്യൻ ടീം കളിക്കുന്നുണ്ട്. മുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്‍ലി, ജസ്പ്രീത് ബുംറ തുടങ്ങിയവർ ട്വന്റി 20, ഏകദിന മത്സരങ്ങൾ കളിക്കുന്നില്ല. ഇവർ ടെസ്റ്റ് മത്സരങ്ങൾക്ക് ടീമിനൊപ്പം ചേരും. ടെസ്റ്റിൽ രോഹിത് തന്നെയാണ് നായകൻ. ട്വന്റി 20യിൽ സൂര്യകുമാർ യാദവും ഏകദിനത്തിൽ കെ.എൽ രാഹുലുമാണ് ടീമിനെ നയിക്കുക. ടെസ്റ്റിൽ ജസ്പ്രീത് ബുംറയും ട്വന്റി 20യിൽ രവീന്ദ്ര ജദേജയും ആണ് വൈസ് ക്യാപ്റ്റൻമാർ. ആദ്യ ടെസ്റ്റ് ഡിസംബർ 26ന് സെഞ്ചൂറിയനിലും രണ്ടാമത്തേത് ജനുവരി മൂന്ന് മുതൽ കേപ്ടൗണിലുമാണ് അരങ്ങേറുക.
ഇന്ത്യൻ ടീം: ടെസ്റ്റ് -രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്ക്‍വാദ്, ഇഷാൻ കിഷൻ, കെ.എൽ രാഹുൽ, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.
ട്വന്റി 20: യശ്വസി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്‍വാദ്, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിങ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ജിതേഷ് ശർമ, രവീന്ദ്ര ജദേജ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‍ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ.
ഏകദിനം: ഋതുരാജ് ഗെയ്ക്‍വാദ്, സായ് സുദർശൻ, തിലക് വർമ, രജത് പാട്ടിദാർ, റിങ്കു സിങ്, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, മുകേഷ് കുമാർ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ദീപക് ചാഹർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.