ഷാർജ: ബാംഗ്ലൂരിന് പിന്നാലെ ഡൽഹിയെയും തോൽപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ. ആവേശകരമായ രണ്ടാം ക്വാളിഫയറിൽ, ചെന്നൈ സൂപ്പർ കിങ്സിനോട് തോറ്റ് വീണ്ടും ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയ ഡൽഹിയെ മൂന്ന് വിക്കറ്റിന് തോൽപിച്ചാണ് ഒയിൻ മോർഗന്‍റെ ചുണക്കുട്ടികൾ കലാശപ്പോരിനെത്തിയത്. ഫൈനൽ പോരാട്ടത്തിൽ ഇതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. സ്കോർ: ഡൽഹി ക്യാപിറ്റൽസ് 135/5(20 ഓവർ), കൊൽക്കത്ത നൈറ്റ് ൈറഡേഴ്സ് 136/7(19.5 ഓവർ) ഓപണർമാരായ ശുഭ്മാൻ ഗില്ലും(46) വെങ്കിടേഷ് അയ്യരും (55)മാണ് കൊൽക്കത്തയെ അനായാസ ജയത്തിലേക്ക് നയിച്ചത്. ഇരുവരും ആദ്യ വിക്കറ്റിൽ തന്നെ 96 റൺസ് അടിച്ചെടുത്ത് വിജയതീരത്ത് എത്തിച്ചിരുന്നു. പിന്നീട് കളിയുടെ അവസാനത്തിൽ ജയപരാജയ സാധ്യത മാറിമറിഞ്ഞു. അവിശ്വസിനീയമായി ഡൽഹി മത്സരത്തിലേക്ക് തിരിച്ചുവന്നു. കൊൽക്കത്ത താരങ്ങൾ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. ഒടുവിൽ കളി ഡൽഹി ജയിക്കുമെന്നായി. ആവസാന ഓവറിൽ കൊൽക്കത്തക്ക് ജയിക്കാൻ ആറു റൺസ്. അശ്വിൻ എറിഞ്ഞ ഓവറിൽ ഷാകിബും സുനിൽ നരേനും പുറത്തായതോടെ വീണ്ടും ഉദ്വേഗം. എന്നാൽ അവസാന ഓവറിലെ അഞ്ചാം പന്തിൽ രാഹുൽ തൃപതി അശ്വിനെ സിക്സറിന് പറത്തി കളി ജയിപ്പിച്ചു.
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കൊൽക്കത്ത ഡൽഹി ക്യാപിറ്റൽസിനെ അഞ്ചിന് 135 റൺസിലൊതുക്കുകയായിരുന്നു. ആദ്യം ബൗൾ ചെയ്യാനുള്ള ക്യാപ്റ്റൻ ഓയിൻ മോൾഗെൻറ തീരുമാനം ശരിവെക്കുന്ന ബൗളിങ്ങായിരുന്നു കൊൽക്കത്തയുടേത്. 26 റൺസിന് രണ്ടു വിക്കറ്റെടുത്ത സ്പിന്നർ വരുൺ ചക്രവർത്തിയാണ് ഡൽഹിയെ ഒതുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത്. പേസർമാരായ ലോക്കി ഫെർഗൂസണും ശിവം മാവിയും ഓരോ വിക്കറ്റ് വീഴ്ത്തി.
ആരും അർധ സെഞ്ച്വറി നേടാത്ത ഡൽഹി നിരയിൽ ശിഖർ ധവാനും (36) ശ്രേയസ് അയ്യരും (30 നോട്ടൗട്ട്) മാത്രമാണ് ചെറുത്തുനിന്നത്. പൃഥ്വി ഷാ (18), മാർകസ് സ്റ്റോയ്നിസ് (18), ഷിംറോൺ ഹെറ്റ്മെയർ (17) എന്നിവർക്ക് നല്ല തുടക്കം മുതലാക്കാനായില്ല.
ടൂർണമെൻറിൽ മികച്ച ഫോമിലായിരുന്ന ധവാൻ-ഷാ സഖ്യം ആദ്യ വിക്കറ്റിന് നാലു ഓവറിൽ 32 റൺസ് ചേർത്തെങ്കിലും പിന്നീട് ഡൽഹിക്ക് തൊട്ടതെല്ലാം പിഴച്ചു. അഞ്ചാം ഓവറിൽ ഷാ വീണു. വൺഡൗണായെത്തിയത് സീസണിൽ കാര്യമായി കളിച്ചിട്ടില്ലാത്ത സ്റ്റോയ്നിസ്. ഓസീസ് താരം ടൈമിങ് കണ്ടെത്താൻ പാടുപെട്ടതോടെ റൺനിരക്ക് കുറഞ്ഞു. 12ാം ഓവറിൽ സ്റ്റോയ്നിസ് പുറത്താവുേമ്പാൾ സ്കോർ 71ലെത്തിയിട്ടേയുണ്ടായിരുന്നുള്ളൂ.
ഈ മെല്ലെപ്പോക്കിൽനിന്ന് ഡൽഹിക്ക് കരകയറാനായതേയില്ല. പിന്നാലെ ധവാനും നായകൻ ഋഷഭ് പന്തും (6) പുറത്തായതോടെ ഡൽഹി 16ാം ഓവറിൽ നാലിന് 90 എന്ന നിലയിലായി. പിന്നീട് അയ്യരുടെയും ഹെറ്റ്മെയറുടെയും ചില മികച്ച ഷോട്ടുകളാണ് സ്കോർ 135ലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.