ബ്രിഡ്ജ്ടൗൺ: ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് ആദ്യ സൂപ്പർ എട്ട് പോരാട്ടം. അട്ടിമറി വീരന്മാരായ അഫ്ഗാനിസ്താനാണ് കെൻസിങ്റ്റൺ ഓവലിൽ എതിരാളികൾ. ഇന്ത്യയുടെ ഗ്രൂപ് മത്സരങ്ങൾ യു.എസിലായിരുന്നു. സൂപ്പർ എട്ട് മത്സരങ്ങൾ വെസ്റ്റിൻഡീസിലാണ് നടക്കുന്നത്. ഗ്രൂപ് എയിൽ യഥാക്രമം അയർലൻഡിനെയും പാകിസ്താനെയും യു.എസിനെയും പരാജയപ്പെടുത്തി സൂപ്പർ എട്ടിൽ കടന്ന ഇന്ത്യക്ക് മഴമൂലം കാനഡക്കെതിരായ കളിയിൽ പോയന്റ് പങ്കുവെക്കേണ്ടിവന്നു. അഫ്ഗാനുശേഷം ബംഗ്ലാദേശിനെയും ആസ്ട്രേലിയയെയുമാണ് രോഹിത് ശർമക്കും സംഘത്തിനും നേരിടാനുള്ളത്.
ഗ്രൂപ് റൗണ്ടിലെ വിജയ ഇലവനെ ഇന്ത്യ നിലനിർത്തുമോ എന്നതാണ് പ്രധാന ചോദ്യം. നാലുവീതം സ്പെഷലിസ്റ്റ് ബാറ്റർമാരെയും ഓൾ റൗണ്ടർമാരെയും മൂന്ന് പേസർമാരെയുമാണ് പരീക്ഷിച്ചത്. ബാറ്റർമാരിൽ വിരാട് കോഹ്‌ലി ഒഴികെയുള്ളവർ ചുരുങ്ങിയത് ഒരു മത്സരത്തിലെങ്കിലും മികച്ച സംഭാവനയർപ്പിച്ചു. ഓൾ റൗണ്ടർമാരായി ഹാർദിക് പട്ടേൽ, രവീന്ദ്ര ജദേജ, അക്ഷർ പട്ടേൽ, ശിവം ദുബെ എന്നിവരെയാണ് ഇറക്കിയത്. ഹാർദിക്കും അക്ഷറും പ്രതീക്ഷ കാത്തു. പേസർമാരിൽ അർഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയും മിന്നി. കോഹ്‌ലിയുടെ ഫോമില്ലായ്മയാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നം. സ്പെഷലിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവിനും യുസ്‌വേന്ദ്ര ചാഹലിനും ഇതുവരെ അവസരം ലഭിച്ചിട്ടില്ല.
കെൻസിങ്റ്റൺ ഓവലിലെ പിച്ചിൽ കുൽദീപിനെ കൊണ്ടുവരുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ട്. അങ്ങനെയെങ്കിൽ പേസർ മുഹമ്മദ് സിറാജോ ദുബെയോ ബെഞ്ചിലിരിക്കേണ്ടിവരും. നിലവിലെ ഇലവനെ നിലനിർത്താനാണ് പക്ഷേ സാധ്യത കൂടുതൽ. മികച്ച മൂന്ന് ജയങ്ങളുമായി സൂപ്പർ എട്ടിൽ കടന്ന അഫ്ഗാൻ നാലാം മത്സരത്തിൽ വിൻഡീസിനോട് ഏറ്റുവാങ്ങിയത് ദയനീയ തോൽവിയാണ്.
കരുത്തരായ ന്യൂസിലൻഡിനെ മറിച്ചിട്ട് അവർക്ക് പുറത്തേക്ക് വഴിയൊരുക്കിയിരുന്നു അഫ്ഗാൻ. ബൗളിങ്ങാണ് റാഷിദ് ഖാൻ നയിക്കുന്ന സംഘത്തിന്റെ പ്രധാന ആയുധം.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, യുസ്‌വേന്ദ്ര ചാഹൽ,
അഫ്ഗാനിസ്താൻ: റാഷിദ് ഖാൻ (ക്യാപ്റ്റൻ), റഹ്മാനുല്ല ഗുർബാസ്, ഇബ്രാഹിം സദ്രാൻ, ഗുൽബുദ്ദീൻ നാഇബ്, അസ്മത്തുല്ല ഉമർ സായി, മുഹമ്മദ് നബി, നജീബുല്ല സദ്രാൻ, കരീം ജന്നത്, നൂർ അഹമ്മദ്, നവീനുൽ ഹഖ്, ഫസൽഹഖ് ഫാറൂഖി, ഹസ്രത്തുല്ല സസായി, ഫരീദ് അഹമ്മദ് മാലിക്, മുഹമ്മദ് ഇസ്ഹാഖ്, നംഗേയലിയ ഖരോട്ടെ.
ചാമ്പ്യൻസ് Vs മുൻ ചാമ്പ്യൻസ്
കാസ്ട്രീസ് (സെന്റ് ലൂസിയ): സൂപ്പർ എട്ട് മത്സരത്തിൽ ആതിഥേയരായ വെസ്റ്റിൻഡീസിന് ഇന്ന് നിലവിലെ ചാമ്പ്യന്മാർ എതിരാളികൾ. സ്വന്തം മണ്ണിൽ മികച്ച സംഘത്തെയിറക്കി കിരീടപ്രതീക്ഷയിൽ മുന്നേറുന്ന വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാവില്ല. ഗ്രൂപ്പിലെ നാല് മത്സരങ്ങളിലും ആധികാരിക ജയം നേടിയാണ് റോവ്മാൻ പവലിന്റെയും സംഘത്തിന്റെയും വരവ്. ജോസ് ബട്ട്ലർ നയിക്കുന്ന ഇംഗ്ലീഷ് ടീം പക്ഷേ കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.