ഗോൾഡ്കോസ്റ്റ്: ക്രിക്കറ്റ് ലോകം ഇന്ന് ചർച്ച ചെയ്യുന്നത് ഇന്ത്യയുടെ വലംകൈയ്യൻ പേസർ ശിഖ പാണ്ഡേയുടെ ഒരു മാന്ത്രിക ബോളിനെ കുറിച്ചാണ്. ആസ്ട്രേലിയൻ ബാറ്റർ അലീസ ഹീലിയുടെ കുറ്റി തെറുപ്പിച്ച ശിഖയുടെ പന്തിനെ നൂറ്റാണ്ടിെൻറ പന്തെന്നാണ് വാഴ്ത്തുന്നത്.
ആസ്ട്രേലിയക്കെതിരായ രണ്ടാം ട്വൻറി 20 മത്സരത്തിനിടെയായിരുന്നു ശിഖയുടെ വേഗതയും സ്വിങും സമന്വയിപ്പിച്ച മാന്ത്രിക പ്രകടനം. ഇന്ത്യയുടെ 119 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസീസിനായിആദ്യ പന്ത് ഹീലി ബൗണ്ടറി കടത്തി. രണ്ടാമത്തെ പന്ത് കണ്ടാണ് ക്രിക്കറ്റ് ലോകം ഇന്ന് അമ്പരന്നിരിക്കുന്നത്.
111 കി.മീ വേഗത്തിലെത്തിയ പന്ത് ഓഫ്സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്തപ്പോള്‍ ഹീലി അപകടമൊന്നും മണത്തിരുന്നില്ല. എന്നാല്‍ സ്വിങ് ചെയ്ത പന്ത് ഓഫ് സ്റ്റംപിെൻറ ബെയ്ൽസ് ഇളക്കിയപ്പോൾ നോക്കിനിൽക്കാനേ ഓസീസ് വിക്കറ്റ് കീപ്പർക്ക് സാധിച്ചുള്ളൂ. പണ്ഡേയുടെ പ്രകടനം കണ്ട് ടീം അംഗങ്ങൾ മാത്രമല്ല കമേൻററ്റേഴ്സും ഒരു നിമിഷം ഞെട്ടി.
വനിതാ ക്രിക്കറ്റിലെ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പന്തെന്നാണ് മുൻ ഇന്ത്യൻ താരം വസിം ജാഫർ ഈ പ്രകടനത്തെ വിശേഷിപ്പിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച പന്തിലൊന്നാണ് ഇതെന്നാണ് ആരാധകരും ക്രിക്കറ്റ് പണ്ഡിറ്റുകളും വിലയിരുത്തുന്നത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
എന്നിരുന്നാലും മത്സരത്തിൽ തോൽവി വഴങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. പൂജ വസ്ത്രാകർ (26 പന്തിൽ 37 റൺസ്), ക്യാപ്റ്റൻ ഹർമൻപ്രീത് കൌർ (20 പന്തിൽ നിന്ന് 28 റൺസ്) എന്നിവരുടെ മികവിൽ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുത്തു. ടാഹ്ലിയ മഗ്രാത്ത് ( 33 പന്തിൽ നിന്ന് 42 നോട്ടൗട്ട്) ബെത്ത് മൂണി (36 പന്തിൽ 34 റൺസ്), ക്യാപ്റ്റൻ മെഗ് ലാനിങ് (20 പന്തിൽ 15 റൺസ്) എന്നീ താരങ്ങളുടെ മികവിൽ ആതിഥേയർ അനായാസം ജയം സ്വന്തമാക്കി.
അഞ്ച് പന്തുകൾ ബാക്കി നിൽക്കേ നാലുവിക്കറ്റിനായിരുന്നു ഓസീസ് വിജയം. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. അവസാന മത്സരം ഞായറാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.