പാറ്റ് കമിൻസിനും ഹേസ്ൽവുഡിനും പിറകെ വാർണറും മടങ്ങുന്നു; ഇന്ത്യക്കെതിരെ ‘ആളില്ലാ’തെ ആസ്ട്രേലിയ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടമുറപ്പിക്കാൻ ഇന്ത്യ ഒരു ജയമകലെ നിൽക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫിയിൽ രണ്ടു ടെസ്റ്റുകൾ കൂടി ബാക്കിനിൽക്കെ താരങ്ങളുടെ കൂട്ടമടക്കത്തിൽ കുരുങ്ങി ആസ്ട്രേലിയ. രണ്ടാം ടെസ്റ്റിനിടെ തലക്കടിയേറ്റും കൈമുട്ടിന് പരിക്കേറ്റും പുറത്തായ വെറ്ററൻ താരം ഡേവിഡ് വാർണറാണ് ഏറ്റവുമൊടുവിൽ മടങ്ങുന്നത്. താരത്തിന് വരും മത്സരങ്ങളിൽ ഇറങ്ങാനാകില്ലെന്ന് ഉറപ്പായിരുന്നു. ബുധനാഴ്ച നാട്ടിലെത്തുന്ന വാർണർ അടുത്ത രണ്ടു ടെസ്റ്റുകളിലും ഇറങ്ങില്ല. കാലിലെ പ്രശ്നങ്ങളുടെ പേരിൽ നേരത്തെ ജോഷ് ഹേസൽവുഡും കുടുംബ പ്രശ്നവുമായി ബന്ധ​പ്പെട്ട് ക്യാപ്റ്റൻ പാറ്റ് കമിൻസും നേരത്തെ നാട്ടി​ലെത്തിയിട്ടുണ്ട്. മാർച്ച് ഒന്നിന് മൂന്നാം ടെസ്റ്റ് ആരംഭിക്കുംമുമ്പ് കമിൻസ് തിരിച്ചെത്തുമെന്ന് റിപ്പോർട്ടുണ്ട്.

മോശം ഫോമും എതിരാളികളുടെ കരുത്തും കടുത്ത ഭീഷണിയായ പരമ്പരയിൽ അടുത്ത രണ്ടു മത്സരങ്ങളിലും തിരിച്ചുവന്ന് ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിൽ മേൽക്കൈ നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ, പ്രമുഖരൊക്കെയും പല കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങുന്നത് ടീമിന്റെ ആത്മവിശ്വാസം ചോർത്തുമെന്നുറപ്പാണ്.

കമിൻസ് തിരിച്ചെത്തിയില്ലെങ്കിൽ സ്റ്റീവ് സ്മിത്തിന് നായകപ്പട്ടം നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

സ്പിൻ വാഴുന്ന ഇന്ത്യൻ പിച്ചുകളിൽ കന്നിക്കാരനായെത്തി മികച്ച പ്രകടനം നടത്തിയ ടോഡ് മർഫിയെയും പരിക്ക് വലക്കുന്നുണ്ട്. എന്നാൽ, താരം അടുത്ത മത്സരത്തിലും ഇറങ്ങുമെന്നാണ് സൂചന.

നാട്ടിലേക്ക് തിരിക്കുന്ന വാർണർ ടെസ്റ്റുകൾക്ക് ശേഷമുള്ള ഏകദിന പരമ്പരയിൽ ഇറങ്ങുമെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ കണക്കുകൂട്ടുന്നു.

Tags:    
News Summary - Injured David Warner sent home from India before Australia’s final Tests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.