സിഡ്നി: ആദ്യ ട്വൻറി20 മത്സരത്തിനിടെ രവീന്ദ്ര ജദേജക്കു പകരം യുസ്വേന്ദ്ര ചഹലിനെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കിയത് വലിയ കോലാഹലമായിരുന്നു. എന്നാൽ, അതിനു പിന്നാലെ 'കൺകഷനിൽ' വലയുകയാണ് ആസ്ട്രേലിയ.
രണ്ടു ടെസ്റ്റ് സന്നാഹ മത്സരത്തിലായി പരിക്കേറ്റ് പുറത്തായത് മൂന്ന് ആസ്ട്രേലിയൻ താരങ്ങൾ. അവരാവട്ടെ, ടെസ്റ്റ് മത്സരങ്ങൾക്കായി കാത്തുവെച്ച താരങ്ങൾ.
ആദ്യം പുകോസ്കി
ഒന്നാം സന്നാഹത്തിലായിരുന്നു വിൽ പുകോസ്കിയെന്ന ടോപ് ഓർഡർ ബാറ്റ്സ്മാൻ തലക്ക് പന്തുകൊണ്ട് പുറത്തായത്.
കാർത്തിക് ത്യാഗിയുടെ ബൗൺസറിൽ പരിക്കേറ്റ പുകോസ്കി ഉടൻ കളം വിട്ടു. പിന്നാലെ, ടെസ്റ്റ് അരങ്ങേറ്റമെന്ന സ്വപ്നവും പൊലിഞ്ഞു. ഒന്നാം ടെസ്റ്റിനുള്ള ടീമിൽനിന്ന് പുകോസ്കിയെ ഒഴിവാക്കി, മാർകസ് ഹാരിസിനെ ഉൾപ്പെടുത്തി.
പിങ്ക്ബാൾ സന്നാഹത്തിെൻറ ആദ്യ ദിനത്തിലായിരുന്നു പേസ് ബൗളർ കാമറൂൺ ഗ്രീനിന് പരിക്കുപറ്റിയത്. ഇന്ത്യയുടെ ജസ്പ്രീത് ബുംറയുടെ ഷോട്ട് നേരെ വന്ന് ഇടിച്ചത് ഗ്രീനിെൻറ നെറ്റിയിൽ. ഉടൻ തന്നെ ഗ്രീനും പുറത്തായി. കൺകഷൻ സബ് ആയി പാട്രിക് റോവ് ടീമിലെത്തി. ഒന്നാം ടെസ്റ്റിനുള്ള ടീമിൽ ഇടംപിടിച്ച താരമാണ് കാമറൂൺ ഗ്രീനും. ബുദ്ധിമുട്ടില്ലാത്തതിനാൽ 17ന് ആരംഭിക്കുന്ന അഡ്ലെയ്ഡ് ടെസ്റ്റിൽ ഗ്രീനിന് കളിക്കാനാവും.
ഇപ്പോഴിതാ ഹാരി കോൻവെയും
ശനിയാഴ്ച 11ാമനായാണ് ഹാരി കോൻവെ ക്രീസിലെത്തിയത്. പാട്രിക് കോവിനൊപ്പം ക്രീസിൽ നിൽക്കവെ, മുഹമ്മദ് സിറാജിെൻറ കുത്തിയ ഉയർന്ന പന്തിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തലക്ക് കൊള്ളുകയായിരുന്നു.
പ്രയാസമൊന്നും കണ്ടില്ലെങ്കിലും ഇന്നിങ്സ് അവസാനിച്ചതിനു പിന്നാലെ, ആസ്ട്രേലിയ കോൺവെയെ പിൻവലിച്ച് മാർക് സ്റ്റെകീറ്റിയെ കൺകഷൻ സബ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.