'ബയോ ബബ്​ളോ'; നമ്മൾ പണ്ടേ ഈ സീൻവിട്ടതാണെന്ന്​​ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സ്​

ദുബൈ: യു.എ.ഇയിൽ ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്​​ മുന്നോടിയായി ടീമുകൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷ ചട്ടങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ പ്രധാനപ്പെട്ടതാണ്​ മറ്റാരുമായി സമ്പർക്കമില്ലാതെ താമസിക്കുന്ന ബയോ സെക്യുർ ബബ്​ൾ സംവിധാനം. എന്നാൽ 2012ലെ ഒരു ചിത്രം പുറത്തു വിട്ട്​ തങ്ങൾ പണ്ടേ ഇത്​ പ്രാവർത്തികമാക്കിയ കാര്യം ഓർമിപ്പിക്കുകയാണ്​​ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ .

'ആരെങ്കിലും ബയോ സെക്യുർ ബബ്​ളിനെ കുറിച്ച്​ പറഞ്ഞോ​? 2012 ലെ ഉദ്​ഘാടന മത്സരം തൊട്ട്​ ഞങ്ങൾ ഇതിൽ വിദഗ്​ദരാണ്​. നിങ്ങൾ ഈ ചിത്രം ഓർമിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഏറെ നാളായി കട്ട കെ.കെ.ആർ ഫാൻ ആയിരിക്കുമെന്നുറപ്പ്' -ടീം ഔദ്യോഗിക ട്വിറ്റർ ഹാൻഡ്​ലിൽ കുറിച്ചു.

ലോക്​ഡൗണിനിടയിൽ മുൻ ഒളിമ്പിക്​ സ്​പ്രിൻറർ ക്രിസ്​ ഡൊനാൾഡ്​സണിൻെറ നേതൃത്വത്തിൽ ടീം അംഗങ്ങളുടെ ഫിറ്റ്​നസ്​ നിലനിർത്താൻ കൊൽക്കത്ത കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നു. വിഡിയോ കോളിലൂടെയാണ്​ പരിശീലന മുറകൾ താരങ്ങൾക്ക്​ നൽകിയിരുന്നത്​.

ദിനേഷ്​ കാർത്തിക്​​ നയിക്കുന്ന കൊൽക്കത്തക്ക്​ കഴിഞ്ഞ സീസണിൽ ​പ്ലേഓഫിലെത്താൻ കഴിഞ്ഞിരുന്നില്ല. രണ്ടു തവണ ചാമ്പ്യൻമാരായ ഷാറൂഖ്​ ഖാൻെറ ടീം ഇക്കുറി ജേതാക്കളാകാൻ ഉറച്ചു തന്നെയാണ്​ വിമാനം കയറിയത്​. മുൻ താരവും ന്യൂസിലൻഡ്​ ക്യാപ്​റ്റനുമായിരുന്ന ബ്രണ്ടൻ മക്കല്ലത്തിനാണ്​ പരിശീലക ചുമതല​.

മുഴുവൻ താരങ്ങളും ഒഫിഷ്യലുകളും ടെക്നീഷ്യൻമാരും പുറത്ത്​ നിന്നുള്ള ഇടപെടലുകൾ ഒഴിവാക്കി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കർശന ആരോഗ്യസുരക്ഷാ സംവിധാനത്തിനുള്ളിൽ കഴിയുന്ന രീതിയാണു ബയോ സെക്യുർ ബബ്‌ൾ. സെപ്​റ്റംബർ ഒന്ന്​, മൂന്ന്​, ആറ്​ തിയതികളിൽ നിശ്ചയിച്ച മെഡിക്കൽ പൂർത്തിയാക്കിയ ശേഷം ടീമുകൾ പരിശീലനം ആരംഭിക്കാൻ ഇരിക്കുകയാണ്​.

യു.എ.ഇയിൽ എത്തിയ ടീമുകൾ നിലവിൽ ക്വാറൻറീനിൽ കഴിയുകയാണ്​. ഇന്ത്യയിൽ കോവിഡ്​ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്​ ഐ.പി.എല്ലിൻെറ 13ാം സീസണിന്​ അറേബ്യൻ മണ്ണ്​ ആതിഥേയത്വം വഹിക്കാൻ അരങ്ങൊരുങ്ങിയത്​. സെപ്​റ്റംബർ 19ന്​ ആരംഭിക്കുന്ന ടൂർണമെൻറിൻെറ ഉദ്​ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ്​ ചെന്നൈ സൂപ്പർ കിങ്​സിനെ നേരിടും.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.