കേദാർ ജാദവിനെ പുറത്താക്കാൻ സഞ്​ജു സാംസൺ പറ​ന്നെടുത്ത ഒറ്റക്കെയ്യൻ ക്യാച്​

ഷാർജയിൽ രാജാക്കൻമാരായി രാജസ്​ഥാൻ റോയൽസ്​

ഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗ്​ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ രാജസ്​ഥാൻ റോയൽസ്​ ചെന്നൈ സൂപ്പർ കിങ്​സിനെ 16 റൺസിന്​ തോൽപിച്ചു. അവസാന ഓവറിൽ ജയിക്കാൻ 38 റൺസ്​ വേണ്ടിയിരുന്ന ചെന്നൈക്കായി നായകൻ ധോണി മൂന്ന്​ സിക്​സറുകൾ പറത്തിയെങ്കിലും ടീമിന്​ പരാജയം രുചിക്കാനായിരുന്നു വിധി.

ആദ്യം ബാറ്റു ചെയ്​ത രാജസ്​ഥാൻ 20 ഓവറിൽ ഏഴുവിക്കറ്റ്​ നഷ്​ടത്തിൽ 216 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക്​ 20 ഓവറിൽ ആറുവിക്കറ്റ്​ നഷ്​ടത്തിൽ 200 റൺസെടുക്കാനേ​ സാധിച്ചുള്ളൂ​.ബാറ്റിങ്ങിനൊപ്പം തന്നെ രണ്ട്​ ക്യാചും രണ്ട്​ സ്​റ്റംപിങ്ങുമായി വിക്കറ്റിന്​ പിന്നിലും സഞ്​ജു തിളങ്ങി. 

അർധ സെഞ്ച്വറികളുമായി തിളങ്ങിയ മലയാളി താരം സഞ്​ജു സാംസൺ (32 പന്തിൽ 74), സ്​റ്റീവൻ സ്​മിത്ത്​ (47 പന്തിൽ 69), അവസാന ഓവറിൽ ആഞ്ഞടിച്ച ജോഫ്ര ആർച്ചർ (എട്ടുപന്തിൽ 27) എന്നിവരുടെ മികവിലാണ്​​ രാജസ്​ഥാൻ കൂറ്റൻ സ്​കോർ പടുത്തുയർത്തിയത്​.

കൂറ്റൻ സ്​കോർ തേടിയിറങ്ങിയ ചെന്നൈക്ക്​ മുരളി വിജയ്​യും (21) ഷെയ്​ൻ വാട്​സണും (33) ചേർന്ന്​ മികച്ച തുടക്കം നൽകിയിരുന്നു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന്​ 56 റൺസ്​ ചേർത്തു. ശേഷം ക്രീസിലെത്തിയവരിൽ ആർക്കും വേണ്ട വിധം തിളങ്ങാനായില്ല. സാം കറൻ (17), റുതുരാജ്​ ഗെയ്​ക്​വാദ്​(0), കേദാർ ജാദവ്​ (22) എന്നിവരാണ്​ മടങ്ങിയത്​.

114 റൺസിലെത്തി നിൽ​േക്ക കേദാർ ജാദവ്​ മടങ്ങി. സി.എസ്​.കെക്ക്​ 6.2 ഓവറിൽ ജയിക്കാൻ 103 റൺസ്​ വേണമായിരുന്നു. ശേഷം മികച്ച ചില സ്​ട്രോക്കുകളുമായി ഡുപ്ലെസി (72) കളം നിറഞ്ഞെങ്കിലും ജയിക്കാൻ അത്​ പോരായിരുന്നു. സിക്​സടിച്ച്​ ഡുപ്ലെസി തുടർച്ചയായ രണ്ടാം അർധസെഞ്ച്വറിയിലെത്തി.

അവസാന മൂന്നോവറിൽ ചെന്നൈക്ക്​ ജയിക്കാൻ 20 റൺസ്​ വീതം നേടേണ്ടിയിരുന്നു. എന്നാൽ 19ാം ഓവറിൽ ആർച്ചറുടെ പന്തിൽ സഞ്​ജുവിന്​ പിടികൊടുത്ത്​ ഡുപ്ലെസി മടങ്ങിയതോടെ ചെന്നൈയുടെ ​പ്രതീക്ഷയറ്റു. അവസാന ഓവറിൽ ജയിക്കാൻ 38 റൺസ്.​ എന്നാൽ ക്രീസിലുണ്ടായിരുന്ന നായകൻ ധോണിക്ക്​ (17 പന്തിൽ 29) ടീമിനെ വിജയ തീരമണക്കാനായില്ല.

ദേവ്​ദത്ത്​ പടിക്കലിന്​ പിന്നാലെ ​ സഞ്​ജു സാംസണും കൂടി തിളങ്ങിയതോടെ ഐ.പി.എൽ മലയാളികളുടെ ആഘോഷമായി​. സ്​മിത്തിനൊപ്പം രണ്ടാം വിക്കറ്റിൽ സഞ്​ജു ചേർത്ത 121 റൺസാണ്​ രാജസ്​ഥാൻ ഇന്നിങ്​സിൻെറ ന​ട്ടെല്ലായത്​. എട്ട്​ പടുകൂറ്റൻ സിക്​സറടക്കം 32 പന്തിൽ നിന്നും 74 റൺസുമായി ത​െൻറ ക്ലാസ്​ തെളിയിച്ചാണ്​​ ഇന്ന്​ സഞ്​ജു മടങ്ങിയത്​.

സാക്ഷാൽ മഹേന്ദ്ര സിങ്​ ധോണിയെ വിക്കറ്റിന്​ പിന്നിൽ സാക്ഷി നിർത്തിയായിരുന്നു സഞ്​ജുവി​െൻറ തേരോട്ടം. വെറും 19 പന്തുകളിൽ നിന്നാണ്​ സഞ്​ജു അർധ സെഞ്ചുറി തികച്ചത്​. എട്ടാം ഒാവർ എറിയാനെത്തിയ പിയൂഷ്​ ചൗള സഞ്​ജുവി​െൻറ ബാറ്റി​െൻറ ചൂട്​ ശരിക്കും അറിഞ്ഞു. ഷാർജ സ്​റ്റേഡിയത്തി​െൻറ നെറുകയിൽ ചുംബിച്ച​ പടുകൂറ്റൻ സിക്​സറടക്കം​ സഞ്​ജുവി​െൻറ ബാറ്റിൽ നിന്നും ആ ഒാവറിൽ മാത്രം മൂന്ന്​ സിക്​സറുകളാണ്​ പിറന്നത്​.

തുടക്കത്തിൽ യശസ്വി ജയ്​സ്വാളിനെ (6) നഷ്​ടമായ ശേഷം ക്രീസിൽ സ്​റ്റീവൻ സ്​മിത്തിനൊപ്പം നിലയുറപ്പിച്ച സഞ്​ജു സിക്​സറുകളുടെ മാലപ്പടക്കം തീർത്തു. അസാധ്യമായ ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ സഞ്​ജുവി​െൻറ ഇന്ധനത്തിൽ രാജസ്ഥാ​െൻറ റൺറേറ്റും കുതികുതിച്ചു.

12ാം ഒാവറിൽ ലുൻഗി എൻഗിഡിയുടെ പന്തിൽ ദീപക്​ ചഹറിന് പിടികൊടുത്ത്​​ സഞ്​ജു മടങ്ങു​േമ്പാൾ രാജസ്​ഥാൻ സ്​കോർ 132 റൺസിലെത്തിയിരുന്നു. ലുൻഗി എൻഗിഡി എറിഞ്ഞ അവസാന ഓവറിൽ നാല്​ സിക്​സറുകൾ സഹിതം 30 റൺസാണ്​ രാജസ്​ഥാൻ അടിച്ചുകൂട്ടിയത്​. 20ാം ഓവറിലെ ആദ്യ നാല്​ പന്തുകളാണ്​ ആർച്ചർ വേലിക്ക്​ മുകളിലൂടെ പറത്തിയത്​. ഇതിൽ മൂന്നും നാലും പന്തുകൾ നോബോൾ ആയിരുന്നു. വെറും എട്ടുപന്തിൽ നാല്​ സിക്​സുകൾ സഹിതമാണ്​ ആർച്ചർ 27 റൺസ്​ അടിച്ചുകൂട്ടിയത്​.

രാജസ്​ഥാൻ ഏറ്റവും കൂടുതൽ സിക്​സ്​ അടിച്ച മത്സരം കുടിയാണിത്​ (17). 2008ൽ ഡെക്കാൻ ചാർജേഴ്​സിനെതിരെയും 2018ൽ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിനെതിരെയും നേടിയ 14 സിക്​സുകളുടെ റെക്കോഡാണ്​ പഴങ്കഥയായത്​.

ഡേവിഡ്​ മില്ലർ (0), റോബിൻ ഉത്തപ്പ (5), രാഹുൽ തേവാത്തിയ (10), റിയാൻ പരാഗ്​ (6) എന്നിവരാണ്​ പുറത്തായ മറ്റ്​ ബാറ്റ്​സ്​മാൻമാർ. ടോം കറൻ (10) ആർച്ചർക്കൊപ്പം പുറത്താകാതെ നിന്നു. ചെന്നൈക്കായി സാം കറൻ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തി. എൻഗിഡി, ദീപക്​ ചഹർ, പിയൂഷ്​ ചൗള എന്നിവർ ഓരോ വിക്കറ്റ്​ വീതം വീഴ്​ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.