ഷാർജയിൽ രാജാക്കൻമാരായി രാജസ്ഥാൻ റോയൽസ്
text_fieldsഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിനെ 16 റൺസിന് തോൽപിച്ചു. അവസാന ഓവറിൽ ജയിക്കാൻ 38 റൺസ് വേണ്ടിയിരുന്ന ചെന്നൈക്കായി നായകൻ ധോണി മൂന്ന് സിക്സറുകൾ പറത്തിയെങ്കിലും ടീമിന് പരാജയം രുചിക്കാനായിരുന്നു വിധി.
ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ സാധിച്ചുള്ളൂ.ബാറ്റിങ്ങിനൊപ്പം തന്നെ രണ്ട് ക്യാചും രണ്ട് സ്റ്റംപിങ്ങുമായി വിക്കറ്റിന് പിന്നിലും സഞ്ജു തിളങ്ങി.
അർധ സെഞ്ച്വറികളുമായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസൺ (32 പന്തിൽ 74), സ്റ്റീവൻ സ്മിത്ത് (47 പന്തിൽ 69), അവസാന ഓവറിൽ ആഞ്ഞടിച്ച ജോഫ്ര ആർച്ചർ (എട്ടുപന്തിൽ 27) എന്നിവരുടെ മികവിലാണ് രാജസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
കൂറ്റൻ സ്കോർ തേടിയിറങ്ങിയ ചെന്നൈക്ക് മുരളി വിജയ്യും (21) ഷെയ്ൻ വാട്സണും (33) ചേർന്ന് മികച്ച തുടക്കം നൽകിയിരുന്നു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 56 റൺസ് ചേർത്തു. ശേഷം ക്രീസിലെത്തിയവരിൽ ആർക്കും വേണ്ട വിധം തിളങ്ങാനായില്ല. സാം കറൻ (17), റുതുരാജ് ഗെയ്ക്വാദ്(0), കേദാർ ജാദവ് (22) എന്നിവരാണ് മടങ്ങിയത്.
114 റൺസിലെത്തി നിൽേക്ക കേദാർ ജാദവ് മടങ്ങി. സി.എസ്.കെക്ക് 6.2 ഓവറിൽ ജയിക്കാൻ 103 റൺസ് വേണമായിരുന്നു. ശേഷം മികച്ച ചില സ്ട്രോക്കുകളുമായി ഡുപ്ലെസി (72) കളം നിറഞ്ഞെങ്കിലും ജയിക്കാൻ അത് പോരായിരുന്നു. സിക്സടിച്ച് ഡുപ്ലെസി തുടർച്ചയായ രണ്ടാം അർധസെഞ്ച്വറിയിലെത്തി.
അവസാന മൂന്നോവറിൽ ചെന്നൈക്ക് ജയിക്കാൻ 20 റൺസ് വീതം നേടേണ്ടിയിരുന്നു. എന്നാൽ 19ാം ഓവറിൽ ആർച്ചറുടെ പന്തിൽ സഞ്ജുവിന് പിടികൊടുത്ത് ഡുപ്ലെസി മടങ്ങിയതോടെ ചെന്നൈയുടെ പ്രതീക്ഷയറ്റു. അവസാന ഓവറിൽ ജയിക്കാൻ 38 റൺസ്. എന്നാൽ ക്രീസിലുണ്ടായിരുന്ന നായകൻ ധോണിക്ക് (17 പന്തിൽ 29) ടീമിനെ വിജയ തീരമണക്കാനായില്ല.
ദേവ്ദത്ത് പടിക്കലിന് പിന്നാലെ സഞ്ജു സാംസണും കൂടി തിളങ്ങിയതോടെ ഐ.പി.എൽ മലയാളികളുടെ ആഘോഷമായി. സ്മിത്തിനൊപ്പം രണ്ടാം വിക്കറ്റിൽ സഞ്ജു ചേർത്ത 121 റൺസാണ് രാജസ്ഥാൻ ഇന്നിങ്സിൻെറ നട്ടെല്ലായത്. എട്ട് പടുകൂറ്റൻ സിക്സറടക്കം 32 പന്തിൽ നിന്നും 74 റൺസുമായി തെൻറ ക്ലാസ് തെളിയിച്ചാണ് ഇന്ന് സഞ്ജു മടങ്ങിയത്.
സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയെ വിക്കറ്റിന് പിന്നിൽ സാക്ഷി നിർത്തിയായിരുന്നു സഞ്ജുവിെൻറ തേരോട്ടം. വെറും 19 പന്തുകളിൽ നിന്നാണ് സഞ്ജു അർധ സെഞ്ചുറി തികച്ചത്. എട്ടാം ഒാവർ എറിയാനെത്തിയ പിയൂഷ് ചൗള സഞ്ജുവിെൻറ ബാറ്റിെൻറ ചൂട് ശരിക്കും അറിഞ്ഞു. ഷാർജ സ്റ്റേഡിയത്തിെൻറ നെറുകയിൽ ചുംബിച്ച പടുകൂറ്റൻ സിക്സറടക്കം സഞ്ജുവിെൻറ ബാറ്റിൽ നിന്നും ആ ഒാവറിൽ മാത്രം മൂന്ന് സിക്സറുകളാണ് പിറന്നത്.
തുടക്കത്തിൽ യശസ്വി ജയ്സ്വാളിനെ (6) നഷ്ടമായ ശേഷം ക്രീസിൽ സ്റ്റീവൻ സ്മിത്തിനൊപ്പം നിലയുറപ്പിച്ച സഞ്ജു സിക്സറുകളുടെ മാലപ്പടക്കം തീർത്തു. അസാധ്യമായ ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ സഞ്ജുവിെൻറ ഇന്ധനത്തിൽ രാജസ്ഥാെൻറ റൺറേറ്റും കുതികുതിച്ചു.
12ാം ഒാവറിൽ ലുൻഗി എൻഗിഡിയുടെ പന്തിൽ ദീപക് ചഹറിന് പിടികൊടുത്ത് സഞ്ജു മടങ്ങുേമ്പാൾ രാജസ്ഥാൻ സ്കോർ 132 റൺസിലെത്തിയിരുന്നു. ലുൻഗി എൻഗിഡി എറിഞ്ഞ അവസാന ഓവറിൽ നാല് സിക്സറുകൾ സഹിതം 30 റൺസാണ് രാജസ്ഥാൻ അടിച്ചുകൂട്ടിയത്. 20ാം ഓവറിലെ ആദ്യ നാല് പന്തുകളാണ് ആർച്ചർ വേലിക്ക് മുകളിലൂടെ പറത്തിയത്. ഇതിൽ മൂന്നും നാലും പന്തുകൾ നോബോൾ ആയിരുന്നു. വെറും എട്ടുപന്തിൽ നാല് സിക്സുകൾ സഹിതമാണ് ആർച്ചർ 27 റൺസ് അടിച്ചുകൂട്ടിയത്.
രാജസ്ഥാൻ ഏറ്റവും കൂടുതൽ സിക്സ് അടിച്ച മത്സരം കുടിയാണിത് (17). 2008ൽ ഡെക്കാൻ ചാർജേഴ്സിനെതിരെയും 2018ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയും നേടിയ 14 സിക്സുകളുടെ റെക്കോഡാണ് പഴങ്കഥയായത്.
ഡേവിഡ് മില്ലർ (0), റോബിൻ ഉത്തപ്പ (5), രാഹുൽ തേവാത്തിയ (10), റിയാൻ പരാഗ് (6) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാൻമാർ. ടോം കറൻ (10) ആർച്ചർക്കൊപ്പം പുറത്താകാതെ നിന്നു. ചെന്നൈക്കായി സാം കറൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. എൻഗിഡി, ദീപക് ചഹർ, പിയൂഷ് ചൗള എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.