തകർത്താടി ഡുപ്ലസി (96); ലഖ്നോയെ 18 റൺസിന് തോൽപിച്ചു

മുംബൈ: ക്യാപ്റ്റൻ ഫാഫ് ഡുപ്ലസി (64 പന്തിൽ 96) മുന്നിൽ നിന്ന് നയിച്ചപ്പോൾ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 18 റൺസ് ജയം. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ ആറിന് 181 റൺസെടുത്തപ്പോൾ ലഖ്നോയുടെ പോരാട്ടം എട്ടിന് 163ൽ അവസാനിച്ചു.

25 റൺസിന് നാലു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസൽവുഡാണ് ലഖ്നോയെ മെരുക്കിയത്. നേരത്തേ, നാലു റൺസകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ഡുപ്ലസിയുടെ ബാറ്റിങ്ങാണ് ബാംഗ്ലൂരിന് നല്ല സ്കോർ സമ്മാനിച്ചത്. രണ്ടു സിക്സും 11 ബൗണ്ടറിയും പായിച്ച ഡുപ്ലസി അവസാന ഓവറിലാണ് സ്കോറുയർത്താനുള്ള ശ്രമത്തിൽ സെഞ്ച്വറിക്കരികെ വീണത്. ശഹ്ബാസ് അഹ്മദും (22 പന്തിൽ 26) ഗ്ലെൻ മാക്സ് വെല്ലും (11 പന്തിൽ 23) ദിനേശ് കാർത്തികും (എട്ടു പന്തിൽ 13 നോട്ടൗട്ട്) ഡുപ്ലസിക്ക് പിന്തുണ നൽകി.

ദുഷ്മന്ത ചമീര എറിഞ്ഞ ആദ്യ ഓവറിൽ തന്നെ അനൂജ് റാവത്തിനെയും (4) വിരാട് കോഹ്‍ലിയെയും (0) നഷ്ടമായ ബാംഗ്ലൂരിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. റാവത്തിനെ ലോകേഷ് രാഹുൽ ഉജ്വല ക്യാച്ചിലൂടെ മടക്കിയപ്പോൾ കോഹ്‍ലി നേരിട്ട ആദ്യ പന്ത് തന്നെ ദീപക് ഹൂഡയുടെ കൈയിലേക്ക് അടിച്ചുകൊടുക്കുകയായിരുന്നു.

രണ്ടിന് ഏഴു റൺസിലേക്ക് വീണ ബാംഗ്ലൂരിനായി നാലാമതായി ക്രീസിലെത്തിയ മാക്സ് വെൽ പതിവുശൈലിയിൽ ആക്രമിച്ചാണ് കളിച്ചത്. ഒരു സിക്സും മൂന്നു ഫോറുമായി അതിവേഗം ബാറ്റുചെയ്ത മാക്സി പക്ഷേ അധികം വൈകാതെ ക്രുണാൽ പാണ്ഡ്യയെ റിവേഴ്സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ ജേസൺ ഹോൾഡർക്ക് പിടികൊടുത്ത് മടങ്ങി. സുയാഷ് പ്രഭുദേശായി (10) കാര്യമായ സംഭാവനയില്ലാതെ മടങ്ങിയശേഷം കൂട്ടുകിട്ടിയ ശഹ്ബാസിനൊപ്പമാണ് ഡുപ്ലസി സ്കോറുയർത്തിയത്.

Tags:    
News Summary - IPL 2022, LSG vs RCB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.